ഹെയർസ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; കാമുകിയെ കുത്തിക്കൊന്ന് കാമുകൻ

0
1299

പെൻസിൽവാനിയ: കാമുകിയുടെ പുതിയ ഹെയർസ്റ്റൈൽ ഇഷ്ടപ്പെടാതെ വന്നതോടെ ക്രൂരമായി കുത്തിക്കൊന്ന് കാമുകൻ. പെൻസിൽവാനിയയിലാണ് സംഭവം. 49 കാരനായ ബെഞ്ചമിൻ ഗാർഷ്യ ഗുവലാണ് 50-കാരിയായ കാർമെൻ മാർട്ടിനെസ്-സിൽവയെ കുത്തിക്കൊന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. നരഹത്യ, വധശ്രമം, ക്രൂരമായ മർദ്ദനം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

മുടി മുറിച്ചശേഷം കാർമെൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബെഞ്ചമിൻ അതേച്ചൊല്ലി വഴക്കിട്ടു. ഭയന്ന് അവർ മകളുടെ വീട്ടിൽ രാത്രി ചെലവഴിക്കാൻ തീരുമാനിച്ചു. എന്നാൽ താൻ അവിടെയും സുരക്ഷിതയായിരിക്കില്ലെന്ന് തോന്നിയ അവർ സഹോദരൻറെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു.

പിന്നാലെ ബെഞ്ചമിനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് അവർ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് അയാളെ അറിയിക്കാനും ആവശ്യപ്പെട്ടു.

മുടി മുറിച്ചതിൻ്റെ പേരിൽ ബെഞ്ചമിൻ അമ്മയെ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി മകൾ പൊലീസിനോട് പറഞ്ഞു. പ്രകോപിതനായ ബെഞ്ചമിൻ അവരെ അന്വേഷിച്ച് സഹോദരൻ്റെ വീട്ടിലേക്ക് പോയി. അവരവിടെ ഇല്ലെന്ന് കള്ളം പറഞ്ഞ് സഹോദരൻ പിന്തിരിപ്പിച്ചുവെങ്കിലും ഉടൻ മടങ്ങിയെത്തിയ ബെഞ്ചമിൻ വാതിൽ തുറന്ന ഉടൻ സഹോദരനെ കുത്തി.

ഇത് തടയാൻ ശ്രമിച്ച കാർമെൻ മാർട്ടിനെസിനെയും ഇയാൾ ക്രൂരമായി കുത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ സംഭവസ്ഥലത്തുതന്നെ കത്തിയുമായി പ്രതി ഉണ്ടായിരുന്നു. അപ്പോഴേക്കും കാർമെൻ മരിച്ചിരുന്നു. ഒന്നിലധികം കുത്തേറ്റ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.