വായു മലിനീകരണം; 2021ൽ മാത്രം ഇന്ത്യയിൽ മരിച്ചത് 16 ലക്ഷം പേർ

0
621

വായു മലിനീകരണം രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ തന്നെ ഏറ്റവും വലിയ ഒന്നാണ്. രാജ്യ തലസ്ഥാനമടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വായു ഗുണനിലവാരം ഏറ്റവും താഴ്ന്ന നിലയിലാണ്. ഇപ്പോഴിതാ രാജ്യത്തെ വായു മലിനീകരണത്തിന്റെയും അതിന്റെ അനന്തര ഫലങ്ങളുടെയും ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ദി ലാൻസെറ്റ് കൗണ്ട് ഡൗൺ.

റിപ്പോർട്ട് പ്രകാരം 2021ൽ മാത്രം 16 ലക്ഷം മരണങ്ങൾക്കാണ് വായു മലിനീകരണം കാരണമായിരിക്കുന്നത്. ഇതിൽ വായു മലിനീകരണത്തിൻ്റെ 38 ശതമാനവും കൽക്കരി, ദ്രാവക വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വഴിയുള്ളതാണെന്നും റിപ്പോർട്ട് പറയുന്നു.

ഫോസിൽ ഇന്ധനങ്ങളുടെ തുടർച്ചയായ ഉപയോഗം വായു മലിനീകരണത്തിനും ഇതുവഴി ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ അർബുദം, പ്രമേഹം, ന്യൂറോളജിക്കൽ വൈകല്യങ്ങൾ, ഗർഭാവസ്ഥയിലെ സങ്കീർണതകൾ എന്നിവയ്ക്കുള്ള സാധ്യതയും മരണനിരക്കും വർധിപ്പിക്കുമെന്നും ദി ലാൻസെറ്റ് വ്യക്തമാക്കുന്നു. ‘ആരോഗ്യവും കാലാവസ്ഥാ വ്യതിയാനവും’ എന്ന റിപ്പോർട്ടിലാണ് പുതിയ കണക്കുകൾ. ഒക്ടോബർ 29നാണ് ദി ലാൻസെറ്റ് റിപ്പോർട്ട് പുറത്തിറക്കിയത്.