ജിദ്ദ: സഊദിയിൽ നിന്നും വിദേശികൾ സെപ്റ്റംബർ മാസത്തിൽ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 23 ശതമാനം വളർച്ച രേഖപ്പെടുത്തി. സെപ്റ്റംബറിൽ 1,220 കോടി റിയാലാണ് വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. 2021 മെയ് മാസത്തിനു ശേഷം ആദ്യമായാണ് വിദേശികളുടെ റെമിറ്റൻസിൽ ഇത്രയും ഉയർന്ന വളർച്ച രേഖപ്പെടുത്തുന്നത്.
തുടർച്ചയായി ഏഴാം മാസമാണ് വിദേശികളുടെ റെമിറ്റൻസിൽ വളർച്ച രേഖപ്പെടുത്തുന്നതെന്ന് സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള ഒമ്പതു മാസക്കാലത്ത് നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ 10,470 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസക്കാലത്തെ അപേക്ഷിച്ച് ഈ വർഷം വിദേശികൾ അയച്ച പണത്തിൽ പത്തു ശതമാനം വളർച്ച രേഖപ്പെടുത്തി.




