സഊദി പ്രവേശനം; ഇപ്പോഴത്തെ തീരുമാനം പ്രയോജനപ്പെടുക ചുരുക്കം പ്രവാസികൾക്ക് മാത്രം

0
6538

റിയാദ്: സഊദിയിലേക്ക് ഏതാനും വിഭാഗത്തിന് നേരിട്ട് പ്രവേശനം അനുവദിച്ചെങ്കിലും നിലവിൽ അത് പ്രയോജനപ്പെടുക വളരെ ചുരുക്കം പ്രവാസികൾക് മാത്രം. എന്നാൽ, ഉടൻ തന്നെ കൂടുതൽ പ്രവാസികൾക്ക് ഉപകരിക്കുന്ന നിലയിൽ ഇതിന്റെ വിപുലീകരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബഹുഭൂരിഭാഗം പ്രവാസികളും. നിലവിൽ സഊദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുളള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സഊദിയില്‍ എത്തിച്ചേരാമെന്നാണ് സഊദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.

അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ കഴിഞ്ഞ ഒരു വർഷത്തിലേറെയായി നാട്ടിൽ കുടുങ്ങിയവര്‍ക്ക് തീരുമാനം ഗുണകരമാവില്ല. സഊദിയില്‍ നിന്ന് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവരിലേറെയും വാക്‌സിന്റെ ഒന്നും രണ്ടും ഡോസ് സൗദിക്ക് പുറത്ത് നിന്ന് സ്വീകരിച്ചവരാണ്. നിലവിൽ ഇന്ത്യയിൽ ഉള്ളവരിൽ ബഹുഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് പൂർണ്ണമായോ ഭാഗികമായോ വാക്സിൻ എടുത്തവരാണ്. അടുത്ത കാലത്താണ് സഊദിയിൽ രണ്ട് ഡോസ് വ്യാപകമായത് എന്നതിനാൽ നേരത്തെ ഇന്ത്യയിലേക്ക് പോയവരിൽ നല്ലൊരു ശതമാനം സഊദിയിൽ നിന്ന് ഒറ്റ ഡോസും എടുക്കാതെയോ ഒരു ഡോസ് മാത്രം എടുത്തോ പോയവർ ആണ്.

അതുകൊണ്ടു തന്നെ പുതിയ തീരുമാനം വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക. സഊദിയിൽ വ്യാപകമായുള്ള രണ്ടാം ഡോസ് വിതരണം ആരംഭിച്ചത് അടുത്ത സമയത്തായതിനാൽ ഈ കാലയിളവിൽ വാക്സിനേഷൻ പൂർത്തിയാക്കി നാട്ടിൽ പോയവർക്ക് മാത്രമാണ് സഊദിയുടെ പുതിയ തീരുമാനം പ്രയോജനപ്പെടുക.

അതേസമയം, ഘട്ടം ഘട്ടമായി മറ്റുള്ളവർക്ക് കൂടി അവസരം നൽകുകയും ചുരുങ്ങിയത് രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മുഴുവൻ പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. രണ്ട് ഡോസ് വാക്സിൻ എടുത്ത മുഴുവൻ ഇന്ത്യക്കാർക്കും പ്രവേശനം അനുവദിക്കാനായി സഊദി അധികൃതരുമായി ശ്രമം തുടരുന്നതായി അംബാസിഡർ ഔസാഫ് സഈദ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ഡോസ് എടുത്ത മുഴുവൻ ഇന്ത്യക്കാർക്കും പ്രവേശനാനുമതിക്കായി ശ്രമം തുടരുന്നു: അംബാസിഡർ ഔസാഫ് സഈദ്