സമസ്ത കെട്ടുറപ്പ് നശിപ്പിക്കാൻ വ്യാജ വാർത്തകളുമായി ഓൺലൈൻ മാധ്യമങ്ങളും; എസ്‌ഐസിക്ക് സമാന്തര കമ്മിറ്റി രൂപീകരിച്ച വാർത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി നേതാക്കൾ

0
1368

സമസ്തയിലെ ഭിന്നത രൂക്ഷമാണെന്നും സഊദി സമസ്ത ഇസ്‌ലാമിക് സെന്ററിന് സമാന്തര കമ്മിറ്റി രൂപീകരിച്ചുവെന്നുമുള്ള വ്യാജ വാർത്തയുമായി ഓൺലൈൻ മീഡിയയും. സഊദിയിൽ നിന്ന് ഇറങ്ങുന്ന ഓൺലൈൻ മീഡിയയാണ് പ്രവാസ ലോകത്തെ സമസ്ത കെട്ടുറപ്പ് നശിപ്പിക്കാൻ വ്യാജ വാർത്തയുമായി രംഗത്തെത്തിയത്.

വാർത്തയിൽ പരാമർശിച്ച എസ്‌ഐസി നേതാക്കൾ തന്നെ ഇത് നിഷേധിക്കുകയും ചെയ്തതോടെ വാർത്ത നൽകിയ ഓൺലൈൻ പോർട്ടൽ വെട്ടിലായി. നിലവിലെ അവസ്ഥ മുതലെടുക്കാൻ ആരോ മെനഞ്ഞ വാർത്ത അന്വേഷിക്കാതെ പ്രസ്തുത ഓൺലൈൻ മീഡിയ നൽകുകയാണെന്നാണ് നേതൃത്വം കരുതുന്നത്.

കേരളത്തിലെ മുസ്‌ലിംകൾക്കിടയിലെ ഏറ്റവും വലിയ സംഘടനായ സമസ്തയിലെ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെ സമസ്തയുടെ സഊദിയിലെ പോഷക സംഘടനയായ സമസ്ത ഇസ്‌ലാമിക് സെന്റർ സമാന്തര കമ്മിറ്റിക്ക് രൂപം നൽകിയെന്നായിരുന്നു വാർത്ത. അബ്ദു റഹ്മാൻ ജുമൈലുല്ലി തങ്ങൾ ബുറൈദയാണ് സഊദിയിലെ സമാന്തര കമ്മിറ്റിയുടെ ദേശീയ ചെയർമാൻ എന്നും നാഷണൽ കമ്മിറ്റി കൺവീനറായി സൽമാൻ ദാരിമി ജിദ്ദയെയും നാഷണൽ കമ്മിറ്റി കോർഡിനേറ്ററായി നൗഫൽ ഫൈസിയെയും ഇബ്രാഹിം ഓമശ്ശേരി, ഫരീദ് ഐക്കരപ്പടി, ഹംസ ഫൈസി എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തുവെന്നായിരുന്നു വാർത്ത.

കൂടാതെ, ബഷീർ ബാഖവി (ദമാം ചെയർമാൻ), അഷ്റഫ് അഷ്റഫി (ദമാം കൺവീനർ), ശമീർ പുത്തൂർ, റാഫി (റിയാദ്), മാനു തങ്ങൾ, ഉസ്മാൻ ദാരിമി (മക്ക), റഷിദ് ദാരിമി (മദീന)സലീം നിസാമി(ജിദ്ദ) എന്നിവരെയും തെരഞ്ഞെടുത്തുവെന്നും വാർത്തയിൽ പറയുന്നുണ്ട്

എന്നാൽ, വാർത്തയിൽ പരാമർശിച്ച എസ്‌ഐസി ദേശീയ നേതാക്കൾ തന്നെ ഇത്തരമൊരു വാർത്ത തികച്ചും തെറ്റാണെന്ന് ചൂണ്ടികാണിച്ച് രംഗത്തെത്തി. നിലവിൽ സമസ്തയുടെ കൂടെ നിന്ന് ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന എസ്‌ഐസി കമ്മിറ്റി തന്നെ സമസ്ത നേതൃത്വവുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുമ്പോൾ പിന്നെ എന്തിന് സമാന്തരം എന്നാണ് നേതാക്കൾ തന്നെ ചോദിക്കുന്നത്. വ്യാജ പത്ര വാർത്തയിൽ വഞ്ചിതരാകരുതെന്ന് വാർത്തയിൽ പരാമർശിക്കപ്പെട്ട എസ് ഐ സി നേതാക്കൾ തന്നെ രംഗത്തെത്തി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പതിമൂന്നാം പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി)  ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളെ ഉൾപ്പെടുത്തി സമസ്ത ഇസ്‌ലാമിക് സെന്ററിന് സമാന്തരമായി കമ്മിറ്റി രൂപീകരിച്ചു എന്ന തരത്തിൽ സഊദിയിലെ ഒരു ഓൺലൈൻ പത്രം നൽകിയ വാർത്ത തികച്ചും വ്യാജവും പ്രവർത്തകർക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും പരസ്പരം വിദ്വേഷം വളർത്തുന്നതുമാണെന്ന് നേതാക്കൾ അറിയിച്ചു.

വ്യാജ വാർത്ത നൽകിയവർ വാർത്ത നൽകിയവർ പിൻവലിച്ച് മാപ്പ് പറയണമെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ വാർത്ത നൽകിയ ഇത്തരം വ്യക്തികൾക്കെതിരെ, ആലോചിച്ചു നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും എസ്‌ഐസി നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, ഇബ്രാഹിം ഓമശേരി, ഫരീദ് ഐകരപ്പടി, സൽമാൻ ദാരിമി എന്നിവർ സംയുക്തമായി അറിയിച്ചു.