നവീന്‍ ബാബുവിന്റെ മരണം; ടി വി പ്രശാന്തന് സസ്പെന്‍ഷന്‍

0
854

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി വി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരുന്ന പ്രശാന്തനെ ആരോഗ്യവകുപ്പാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

കടുത്ത നടപടി പിന്നീട് ഉണ്ടാകുമെന്നാണ് വിവരം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയനായ ടി വി പ്രശാന്തന്‍ ഒക്ടോബര്‍ 10ാം തിയ്യതി മുതല്‍ അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നു, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ ആയിരിക്കെ സാമ്പത്തിക ലാഭത്തിനായി സ്വകാര്യ ബിസിനസ്സ് സംരംഭത്തില്‍ ഏര്‍പ്പെട്ട നടപടി ഗുരുതര അച്ചടക്ക ലംഘനവും പെരുമാറ്റ ചട്ടലംഘനവുമാണ്, കാര്യസാധ്യത്തിനായി കൈക്കൂലി നല്‍കിയെന്ന് പറയുന്ന ആരോപണം ഗുരുതരമാണ് എന്നീ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് സസ്‌പെന്‍ഷന്‍ നടപടി.