സഊദിയിൽ ചേംബർ ഓഫ് കൊമേഴ്സ് ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് മത്സരിക്കാം

0
1757

റിയാദ്: സഊദി പ്രവാസികൾക്ക് രാജ്യത്തെ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമെന്ന് സഊദി അറേബ്യൻ ഫെഡറേഷൻ സ്ഥിരീകരിച്ചു. ഈയിടെ പ്രാബല്യത്തിൽ വന്ന പുതിയ ചേംബർ ഓഫ് കൊമേഴ്സ് നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളിൽ ഈ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് സഊദി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നു. സഊദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വിദേശ നിക്ഷേപകരെ ചേംബറുകളുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളാക്കാൻ അനുവദിക്കുന്ന പുതിയ വാണിജ്യ നിയമത്തിന് 2020 ഡിസംബർ 1 ന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

ചേംബറിന്റെ ഡയറക്ടർ ബോർഡിലെ അംഗത്വത്തിനുള്ള സഊദി പൗരൻ ആയിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയാണ് വിദേശികൾക്ക് അനുമതി നൽകിയത്. തുടർച്ചയായി രണ്ട് തവണ മാത്രം ബോർഡിലേക്കുള്ള അംഗത്വം പുതുക്കണമെന്ന വ്യവസ്ഥയോടെ വിദേശ നിക്ഷേപകരെ ആദ്യമായി ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡ് അംഗങ്ങളാക്കാൻ ഈ നീക്കം പ്രാപ്തമാക്കുന്നു. പുതിയ തീരുമാനമനുസരിച്ച് ചേംബറിന്റെ ഡയറക്ടർ ബോർഡിലേക്ക് പ്രവർത്തിക്കാൻ അല്ലെങ്കിൽ നിയമിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് 10 വർഷത്തിൽ കുറയാത്ത പരിചയം ഉണ്ടായിരിക്കണം, അല്ലെങ്കിൽ ബാചിലർ ഡിഗ്രിയും അഞ്ച് വർഷത്തെ പരിചയവും അത്യാവശ്യമാണ്. വാണിജ്യ, വ്യാവസായിക ബിസിനസുമായി ബന്ധപ്പെട്ട ഒരു യൂണിവേഴ്സിറ്റി ബിരുദം, സ്ഥാനാർത്ഥിയുടെ പ്രായം 25-30 ഇടയിൽ ആയിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളും പാലിക്കണം. ബോർഡ് തിരഞ്ഞെടുപ്പിൽ ബന്ധുക്കൾ മത്സരിക്കുന്നതിനും ഇപ്പോൾ വിലക്കുണ്ട്.

പുതിയ നിയമം അനുസരിച്ച് കൗൺസിൽ ഓഫ് സഊദി ചേംബേഴ്സ് എന്നത് ഫെഡറേഷൻ ഓഫ് സഊദി ചേംബേഴ്സ് എന്ന് പുനർനാമകരണം ചെയ്ത്തിട്ടുണ്ട്. ചേംബറിൽ ചേരുന്ന പുതിയ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ വാണിജ്യ രജിസ്ട്രേഷൻ തീയതി മുതൽ മൂന്ന് വർഷത്തേക്കുള്ള സബ്സ്ക്രിപ്ഷൻ ഫീസിൽ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.