അട്ടിമറിക്കപ്പെടുമോ ഇത്തവണ ?; ഷാഫിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം 17483

0
1213

പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കണക്കുകൂട്ടലിലാണ് മുന്നണികളെല്ലാവരും. മുന്‍ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ വച്ചാണ് എല്ലാവരുടെയും കണക്കുകൂട്ടല്‍.

കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് മണ്ഡലത്തില്‍ വിജയിച്ചു കയറിയത്. 2011ല്‍ മണ്ഡലത്തില്‍ ആദ്യമായി ഷാഫി വിജയിച്ചു കയറിയപ്പോള്‍ 7403 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. സിറ്റിംഗ് എംഎല്‍എയായിരുന്ന, സിപിഐഎമ്മിന്റെ കെ കെ ദിവാകരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്.

2016ല്‍ ഷാഫി തന്നെ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് മാറ്റം വന്നു. ബിജെപിയുടെ ശോഭാ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. പരാജയപ്പെട്ടെങ്കിലും 2011ല്‍ ബിജെപി നേടിയ 22317 വോട്ടില്‍ നിന്ന് 16,000ഓളം വോട്ടുകള്‍ അധികം നേടാന്‍ ശോഭക്കായി. ശോഭ വോട്ട് വര്‍ധിപ്പിച്ചെങ്കിലും ഷാഫിയുടെ വോട്ടിനെ അത് ബാധിച്ചില്ല. 2011ലെ ഭൂരിപക്ഷത്തില്‍ 10000ഓളം വോട്ടുകള്‍ വര്‍ധിപ്പിച്ച് 17483 വോട്ടുകള്‍ക്കായിരുന്നു ഷാഫിയുടെ വിജയം. സിപിഐഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസായിരുന്നു.

2021ല്‍ 2016ല്‍ ശോഭ നടത്തിയ മുന്നേറ്റത്തെ വിജയമായി പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ട് സാക്ഷാല്‍ മെട്രോമാന്‍ ഇ ശ്രീധരനെ തന്നെ ബിജെപി രംഗത്തിറക്കി. ഷാഫി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അഡ്വ സിപി പ്രമോദാണ് സിപിഐഎമ്മിന് വേണ്ടി മത്സരിച്ചത്. ഇഞ്ചോടിഞ്ച് മത്സരമാണ് മണ്ഡലത്തില്‍ നടന്നത്.

പാലക്കാട് നഗരസഭയിലെ യുഡിഎഫ് സ്വാധീനമേഖലകളില്‍ നിന്നടക്കം വോട്ട് ചോര്‍ന്നു. കോണ്‍ഗ്രസിന്റെ പഞ്ചായത്തുകളായ പിരായിരിയും മാത്തൂരും വിചാരിച്ച ലീഡ് ഷാഫിക്ക് നല്‍കിയില്ല. ഷാഫിയെ പരാജയപ്പെടാതെ രക്ഷിച്ചെടുത്തത് സിപിഐഎമ്മിന് സ്വാധീനമുള്ള കണ്ണാടി പഞ്ചായത്തിലെ വോട്ടായിരുന്നു. 3859 വോട്ടുകള്‍ക്കാണ് അവസാന ലാപ്പില്‍ ഷാഫി വിജയിച്ചുകയറിയത്.