ടാങ്കര്‍ മറിഞ്ഞു, നാട്ടുകാർ കൂട്ടത്തോടെ പെട്രോൾ ശേഖരിക്കാനെത്തി, ഇതിനിടയിൽ ടാങ്കർ പൊട്ടിത്തെറിച്ചു; 94 മരണം, 50 ലധികം പേർക്ക് ഗുരുതര പൊള്ളൽ

0
7173

സെപ്തംബറിൽ നൈജീരിയയിൽ ഇന്ധന ടാങ്കർ കൂട്ടിയിടിച്ച് 59 പേർ മരിച്ചിരുന്നു.

അബുജ: നിയന്ത്രണം വിട്ട് മലക്കംമറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിച്ച്  94 പേര്‍ മരിച്ചു. മറിഞ്ഞ ടാങ്കറില്‍ നിന്ന് ഇന്ധനം ശേഖരിക്കാനെത്തിയവരാണ് ദുരന്തത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലാണ് സംഭവം. അപകടത്തിൽ 50ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

വടക്കന്‍ നൈജീരിയിലെ ജിഗാവ സംസ്ഥാനത്തെ മജിയയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ടാങ്കര്‍ മലക്കംമറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം റോഡരികിലെ ഡ്രൈനേജിലേക്ക് ഒഴുകി. ഇതു കോരിയെടുക്കാന്‍ നാട്ടുക്കാര്‍ കൂട്ടത്തോടെ എത്തിയതായിരുന്നു. ഇതിനിടെയാണ് പൊടുന്നനെ സ്‌ഫോടനം ഉണ്ടായത്.

വടക്കൻ സംസ്ഥാനമായ ജിഗാവയിലെ മാജിയ പട്ടണത്തിൽ പ്രാദേശിക സമയം ഏകദേശം 23:30 ന് (22:30 GMT) ആണ് അപകടമുണ്ടായത്. ഇന്ധന ടാങ്കർ കാനോയിൽ നിന്ന് വരുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റിട്ടില്ലാത്ത ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിന് ശേഷമുള്ള നിമിഷങ്ങൾ കാണിക്കുന്ന ഒരു സങ്കടകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ പലർക്കും തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റു. കാഴ്ചക്കാരിൽ നിന്ന് സംരക്ഷിക്കാൻ മൃതദേഹങ്ങൾ മരക്കൊമ്പുകളാൽ മൂടിയിരിക്കുകയായൊരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച പിന്നീട് ഒരു കൂട്ട ശവസംസ്‌കാരം നടത്താൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തി.

നൈജീരിയയിൽ ഇന്ധന ടാങ്കർ സ്ഫോടനങ്ങളും അപകടങ്ങളും സാധാരണമാണ്. പലപ്പോഴും റോഡുകളുടെ മോശം അവസ്ഥയും മോശമായി പരിപാലിക്കപ്പെടുന്ന വാഹനങ്ങളും കാരണമാണ് അപകടം ഉണ്ടാകാറുള്ളത്. സെപ്തംബറിൽ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് യാത്രക്കാരെയും കന്നുകാലികളെയും കയറ്റിയ ലോറിയിൽ ഇന്ധന ടാങ്കർ കൂട്ടിയിടിച്ച് 59 പേർ മരിച്ചിരുന്നു.