മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ സ്നേഹ യാത്രക്ക് തുടക്കമായി

കാടാമ്പുഴ: മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ആദ്യ കാല സജീവ മുസ്‌ലിം ലീഗ് പ്രവർത്തകരും ഇപ്പോൾ അവശരായി വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നവരുമായ പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയായ ‘സ്നേഹയാത്ര’ക്ക് തുടക്കമായി. സ്നേഹയാത്രയുടെ ഉദ്ഘാടനം നെയ്യത്തൂർ മുഹമ്മദ്‌ ഹാജിക്ക് സ്നേഹോപഹാരം നൽകിക്കൊണ്ട് മാറാക്കര പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കാടാമ്പുഴ മൂസ ഹാജി നിർവഹിച്ചു. ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പാർട്ടി കെട്ടിപ്പടുക്കാൻ അഹോരാത്രം പരിശ്രമിച്ചവരെ ആദരിക്കുന്ന മാറാക്കര ഗ്ലോബൽ കെഎംസിസിയുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പഴയ കാല പ്രവർത്തകരെ പുതു തലമുറക്ക് പരിചയപ്പെടുത്താനും ഇത്തരം പരിപാടി സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ടി. എം ബഷീർ കുഞ്ഞു അധ്യക്ഷത വഹിച്ചു. മാറാക്കര ഗ്ലോബൽ കെഎംസിസി നിരവധി പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണെന്നും ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് പൂർവ്വീകരെ ആദരിക്കുന്ന പരിപാടി എന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് മണ്ണേത്ത് ബീരാൻ കുട്ടി ഹാജി, അയനിക്കുന്നൻ അലവി ഹാജി, തത്രംപള്ളി കുഞ്ഞിമൊയ്തീൻ ഹാജി, അലവി വേളക്കാടൻ, എന്നിവരെ അവരുടെ വീടുകളിലെത്തി കൊണ്ട് യഥാക്രമം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി തുറക്കൽ അബൂബക്കർ, ഗ്ലോബൽ കെ എം സി സി ഉപദേശക സമിതി ചെയർമാൻ ബക്കർ ഹാജി കരേക്കാട്, ഉപദേശക സമിതിയംഗം പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ ഒ. കെ കുഞ്ഞുട്ടി എന്നിവർ സ്നേഹപഹാരങ്ങൾ നൽകി ആദരിച്ചു.

മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ടി.പി സജ്ന ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗം എ. പി ജാഫറലി, ഗ്ലോബൽ കെ എം സി സി നേതാക്കളായ ഒ. കെ കുഞ്ഞിപ്പ, ഹംസ ഹാജി മാറാക്കര, കല്ലൻ നാസർ ഹാജി, റഷീദ് മാറാക്കര, മാനു ആലുങ്ങൽ, വി. കെ സൈദ് , നൗഷാദ് നാരങ്ങാടൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവശരായ പാർട്ടി പ്രവർത്തകരെ ആദരിക്കുന്ന പരിപാടി വരും ദിനങ്ങളിൽ തുടരുമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു അറിയിച്ചു.