മലപ്പുറം: പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. നിയമസഭയിൽ പ്രതിപക്ഷത്തോടൊപ്പമിരിക്കാൻ താൽപര്യമില്ല. എം.എൽ.എ സ്ഥാനം രാജിവെക്കണോ എന്ന കാര്യം നിയമപരമായി പരിശോധിച്ച് തീരുമാനിക്കും. “മാറി നിൽക്കുന്ന പല സി.പി.എം നേതാക്കളും മുൻ എം.എൽ.എമാരും എം.പിമാരും ഞാനുമായി ആശയവിനിമയം നടത്തുന്നുണ്ട്. കണ്ണൂരിൽനിന്നുള്ള പ്രബലനായ നേതാവ് ഈ വിഷയത്തിൽ എന്നോടൊപ്പമാണ്. അവരെല്ലാം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
ഞായറാഴ്ച തയാറാകുന്നത് പാർട്ടിയുടെ എൻജിൻ മാത്രമാണ്. ബോഗികൾ പിന്നാലെ വരും. സർക്കാർ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങളാകും പുതിയ പാർട്ടി ചർച്ച ചെയ്യുകയെന്നും അൻവർ പറഞ്ഞു.
സഖാക്കളെയും കമ്യൂണിസ്റ്റ് പാർട്ടിയെയും സ്നേഹിക്കുന്ന ചെറുതും വലുതുമായ ഒരുപാട് നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ഞായറാഴ്ച ട്രെയിനിന്‍റെ എൻജിനാണ് തയാറാവുന്നത്. ബോഗികൾ പിന്നാലെ വരും. കേരളം മുഴുവൻ രണ്ട് റൗണ്ട് കറങ്ങുമ്പോഴേക്കും ബോഗികൾ പൂർണമാകും. സർക്കാർ സംബോധന ചെയ്യാത്ത ജനങ്ങളുടെ പ്രശ്നങ്ങളാകും പുതിയ പാർട്ടി ചർച്ച ചെയ്യുക. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളും” -അൻവർ പറഞ്ഞു.





