റിയാദ്: റിയാദ് മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ജോലിയിൽ പ്രവേശിച്ച ശേഷം ഇന്ദിരാ ഈഗലപാട്ടി മനസ്സില്‍ ഉറക്കെ പറഞ്ഞു; ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ ഞാൻ. സിനിമയില്‍ നായകന്‍റെ ഈ വൈറൽ ഡയലോഗിന് പെൺമുഖമായാൽ അക്ഷരാർഥത്തിൽ അഭിമാനത്തോടെ ചേർത്തു വയ്ക്കാവുന്ന ജീവിതമാണ് റിയാദിന്‍റെ ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മെട്രോ സ്റ്റേഷന്‍റെ ചുമതല നിർവഹിക്കുന്ന ആദ്യ ഇന്ത്യക്കാരിയായ ഇന്ദിരാ ഈഗലപാട്ടിയുടേത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഗർഭസ്ഥ ശിശു പെണ്ണാണെന്നറിഞ്ഞപ്പോൾ മാതാപിതാക്കൾ കൊന്നുകളയാനോ ഉപേക്ഷിക്കാനോ തീരുമാനിച്ച പെൺകുട്ടി ഇന്ന് നാടിനും ഇന്ത്യക്കാർക്കും അഭിമാനതാരം. ഒരു ഇന്ത്യൻ വനിത സഊദി അറേബ്യയുടെ അഭിമാന ലോകോത്തര പദ്ധതിയുടെ ഭാഗമായി തുടക്കം മുതലിങ്ങോട്ട് ഏറെ ഉത്തരവാദിത്തമുള്ള ചുമതല നിർവഹിക്കുന്നു എന്ന അപൂർവ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ ആത്മധൈര്യത്തിന്‍റെ പ്രതീകമായ ഈ യുവതി ഗൾഫ് രാജ്യത്ത് സേവനം തുടരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ചുമതല വഹിക്കുന്ന സന്തോഷത്തിലാണ് ആന്ധ്രാ സ്വദേശിയായ ഇന്ദിരാ ഈഗലപാട്ടി. റിയാദ് മെട്രോ സ്റ്റേഷനിലെത്തുന്ന ഒരോ ഇന്ത്യക്കാർക്കും സ്വദേശി വനിതകൾക്കും ഇന്ദിരയെ കാണുമ്പോൾ ആദ്യം തോന്നുന്ന അതിശയം പിന്നീട് കൗതുകമായി മാറുന്നു. വനിതാ ശാക്തീകരണത്തിന്‍റെ മകുടോദാഹരണമായി മാറുന്ന ഇവർ അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിൻ ഓടിച്ചും ആളുകളെ വിസ്മയിപ്പിക്കുന്നുണ്ട്.
ആന്ധ്രയിലെ കുഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിച്ച്, വിധിയോടും ജീവിത സാഹചര്യങ്ങളോടും പൊരുതി വിജയിച്ച വലിയ സമർപ്പണത്തിന്‍റെയും ലക്ഷ്യബോധത്തിന്‍റെയും സമാനതകളില്ലാത ജീവിതസമര പോരാട്ടങ്ങളുടെ ആകെ തുകയാണ് ഇന്ന് കാണുന്ന തരത്തിലേക്ക് ഇന്ദിരയെ വാർത്തെടുത്തത്.
ഏറെ ഭാരിച്ച ഈ ചുമതലയിലേക്ക് ഉയർന്നു വന്നതിന് പിന്നിൽ ഉറച്ച നിശ്ചയദാർഢ്യത്തിന്‍റെയും ആത്മ വിശ്വാസത്തിന്‍റെയും പൊരുതാനുള്ള പെൺകരുത്തിന്‍റെയും തീയിൽ കുരുത്ത ജീവിതാനുഭവങ്ങളുടെയും വലിയ പാഠങ്ങളുടെ പിൻബലമുണ്ട്. വേദന നിറഞ്ഞ ഭൂതകാലത്തിന്‍റെയും ബാല്യകാല കഷ്ടപ്പാടിന്‍റെയും വെല്ലുവിളി ഉയർത്തിയ സാമൂഹിക പ്രതിസന്ധികളോടും സന്ധിയില്ലാതെ വീര്യത്തോടെ പൊരുതി തോൽപ്പിച്ച് നേടിയ ജീവിതം ഇന്ന് ആന്ധ്ര ഗുണ്ടുരിലെ സ്വന്തം ഗ്രാമത്തിൽ നിന്നും പറക്കാനാഗ്രഹിക്കുന്ന ഒരോ പെൺകുട്ടിക്കും ഏറെ പ്രചോദിപ്പിക്കുന്ന വിധം മാതൃകയാകുന്നു.
സൗദിയിൽ ഇന്ദിരയെ കാത്തിരുന്നത് ട്രെയിൻ ഓടിക്കുന്ന, സ്റ്റേഷൻമാസ്റ്റർ ചുമതലയുള്ള ആദ്യ പ്രവാസി ഇന്ത്യൻ വനിത എന്ന അപൂർവ്വ നേട്ടം. ഹൈദരബാദ് മെട്രോയിൽ പ്രവർത്തിച്ച മുൻപരിചയവുമായി 2019 സെപ്റ്റംബറിലാണ് ഇന്ദിര റിയാദ് മെട്രോയുടെ ഭാഗമാകാൻ ആദ്യമായി സൗദിയിലേക്കെത്തുന്നത്. നിലവിൽ റിയാദ് മെട്രോയിലെ സ്റ്റേഷൻ മാസ്റ്ററായും അത്യാവശ്യ സാഹചര്യങ്ങളിൽ ട്രെയിൻ പൈലറ്റായും ചുമതലയിലുമൊക്കെ ഇന്ദിരയെ കാണാൻ കഴിയും.
സ്റ്റേഷനുകളുടേയും മറ്റും നിർമാണം തുടങ്ങുന്ന പ്രാരംഭ ഘട്ടത്തിലാണ് ഇന്ദിര റിയാദിലെത്തുന്നത്. മെട്രോ ടെയിനുകൾ കംപ്യൂട്ടർ നിയന്ത്രണത്തിൽ തനിയെ സഞ്ചരിക്കുന്നവയാണെങ്കിലും അടിയന്തര സാഹചര്യങ്ങളുടെ ഒരു മുൻകരുതൽ എന്ന നിലയ്ക്ക് ഡ്രൈവർമാരുടെ സാന്നിധ്യം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ട്രാക്കുകളുടെ പരീക്ഷണ ഘട്ടത്തിലെ സുരക്ഷയുടെ പരിശോധനയുടെ ഭാഗമായി ട്രെയിൻ നിരന്തരം ഓടിച്ചു പരീക്ഷിക്കുകയും അടിയന്തര ഘട്ടങ്ങളിൽ ലെയ്നുകളിൽ തകരാറുകൾ ഉണ്ടാവുന്ന പക്ഷം ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള വിവിധ തരത്തിലും തലങ്ങളിലുമുള്ള പരിശോധനാ പരിശീലനങ്ങൾ മറ്റുള്ളവർക്ക് പകർന്നും പഠിപ്പിച്ചും കൊടുത്തുമായിരുന്നു തുടക്കമിട്ടത്.
നിലവിൽ സ്വദേശി വനിതകൾക്കടക്കമുള്ള ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങളും ചുമതലയുടെ ഭാഗമായി നൽകി വരുന്നു. കൂടാതെ ചുമതലയുളള സ്റ്റേഷന്‍റെ സർവ്വമാന ദൈനംദിന ഓപ്പറേഷനുകളുടെ പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നു. റിയാദ് മെട്രോയുടെ ഭാഗമാകാൻ എത്തുന്നതിന് മുൻപ് നാല് വർഷത്തിലേറെ ഹൈദരാബാദ് മെട്രോയിലെ ജോലി ചെയ്തു. അവിടെ തുടക്ക കാലത്തിനു ശേഷം ക്രമേണ ട്രെയിൻ ഓപറേറ്റർ കം സ്റ്റേഷൻ മാസ്റ്റർ പദവിയിലേക്ക് എത്തി.
ഇതിനിടെയിൽ റിയാദ് മെട്രോയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായുള്ള വിവരം ലഭിച്ചപ്പോൾ ബന്ധപ്പെട്ടയിടത്ത് അപേക്ഷ നൽകുകയായിരുന്നു. ഒട്ടേറെ വ്യത്യസ്ത ട്രാക്കുകളും ലെയ്നുകളും സ്റ്റേഷനുകളുമടക്കം ലോകത്തിലെ ഏറ്റവും പുതിയ, അത്യാന്താധുനിക സാങ്കേതികവിദ്യകളോടെയും സംവിധാനങ്ങളോടെയും നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയെന്നതായിരുന്നു ഏറ്റവും വലിയ ആകർഷണമെന്ന് ഇന്ദിര പറയുന്നു.
ഹൈദരാബാദ്, തെലുങ്കാന സ്വദേശികളായ പത്ത് യുവാക്കൾക്കൊപ്പം കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക പെൺകൊടിയായിരുന്നു ഇന്ദിര. പലരും അന്ന് സൗദി അറേബ്യയിലേയ്ക്ക് പോകുന്നതിന് നിരുത്സാഹപ്പെടുത്തുന്നതിനും വിമുഖത കാണിക്കുന്നതിനുമൊക്കെ ശ്രമിച്ചുവെങ്കിലും എറ്റവും അത്യാന്താധുനിക ലോകോത്തര സംവിധാനങ്ങളോടെ പ്രവർത്തനം തുടങ്ങാൻ പോകുന്ന റിയാദ് മെട്രോയുടെ ഭാഗമാകാൻ ആത്മധൈര്യത്തോടെ മുന്നിട്ടിറങ്ങുകയായിരുന്നു.
വനിതകൾക്കും സ്ത്രീകൾക്കും ഇവിടെ പല നിയന്ത്രണങ്ങളുണ്ടെന്നും മറ്റും പറഞ്ഞാണ് പലരും പിൻതിരിപ്പിക്കാൻ നോക്കിയത്. ആന്ധ്രയിൽ നിന്നും ഗാർഹികജോലിക്കെത്തിയിരുന്നവരുടെയും ഒട്ടകഫാമുകളുടെ കഥകൾവരെയും ഉദാഹരണത്തിനായി ഗ്രാമത്തിലെ നിരുത്സാഹകമ്മറ്റിക്കാർ നിരത്തി ഭയപ്പെടുത്താൻ നോക്കിയെന്നും അവർ പറഞ്ഞു. എന്നാൽ സൗദിയിലെത്തിയ ശേഷമാണ് ഇവിടെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ലഭിക്കുന്ന മതിപ്പും ബഹുമാനവും സാമൂഹിക സുരക്ഷിതത്വവും പ്രവർത്തന സ്വാതന്ത്ര്യവും ഏറെ മുന്തിയ പരിഗണന നൽകുന്നതാണെന്ന് തിരിച്ചറിയുന്നത്.
ഇവിടെ എനിക്ക് ജോലിയിൽ എല്ലാ ബഹുമാനവും ലഭിക്കുന്നുണ്ട്. ഒപ്പം സഹപ്രവർത്തകരായ സ്വദേശികൾ സ്ത്രീ, പുരുഷ ഭേദമന്യേ എന്തിനും ഏതിനും മികച്ച പിന്തുണയും സഹായ സഹകരണവും നൽകിവരുന്നു. സൗദിയിൽ ഏറ്റവും മികച്ച തൊഴിൽ അന്തരീക്ഷമാണ് നൽകുന്നത്.
∙ ഖത്തർ ഫിഫാ കപ്പ്; ദോഹ മെട്രോയ്ക്കും സേവനം
പ്രവർത്തനങ്ങളുടെ മികവിന്‍റെ പശ്ചാത്തലത്തിൽ ഇന്ദിരയടക്കമുളളവർ ഇക്കഴിഞ്ഞ ഖത്തർ ഫിഫാ ലോകകപ്പിന് ദോഹ മെട്രോയിലും സേവനത്തിന് സൌദിയിൽ നിന്നും എത്തിയിരുന്നു. പ്രധാനമായും ആൾക്കൂട്ട തിരക്ക് നിയന്ത്രണം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങി ഒട്ടേറെ സുപ്രധാന പ്രവർത്തനങ്ങളിൽ സജീവമായി ചുമതല നിർവഹിക്കാനുമുള്ള നിയോഗമാണുണ്ടായിരുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





