കോട്ടയം: ബലാൽസംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ വിമർശിച്ച് സിപിഐ. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നു സംശയമുണ്ടെന്നാണു സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ വിമർശിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സ്വീകരിച്ചപോലുള്ള ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ.അജിത്കുമാറിന്റെ കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിഷയങ്ങളിലെ എതിർപ്പിനിടെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊലീസിനെതിരെ സിപിഐയുടെ തുടർവിമർശനം.





