‘തൃശൂർ പൂരം കലക്കി’ സുരേഷ് ഗോപിക്ക് വഴി വെട്ടി കൊടുത്തതാര്? എംആർ അജിത് കുമാറിനെതിരെ പി വി അൻവർ

0
1266

നിലമ്പൂര്‍: എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അന്‍വര്‍ എംഎല്‍എ. തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി നേതാവ് സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് അജിത്കുമാറാണെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണമാണ് അന്‍വർ ഉയർത്തിയത്.

സുരേഷ് ഗോപിയും അജിത്കുമാറും തമ്മില്‍ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരില്‍ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നിലമ്പൂര്‍ എംഎല്‍എ പറയുന്നു. ആ സമയത്ത് ‘അവരൊക്കെ കമ്മികള്‍ അല്ലെ’ എന്നായിരുന്നു അജിത്കുമാര്‍ സുരേഷ്‌ഗോപിയോട് പറഞ്ഞതെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘തൃശൂരില്‍ പൊലീസിന്റെ പൂരം കലക്കലിലൂ’ടെയാണ് സുരേഷ്ഗോപി വിജയിച്ചതെന്നും താരതമ്യേന ജൂനിയര്‍ ആയ എസിപി അങ്കിത്ത് അശോക് സ്വന്ത താല്പര്യ പ്രകാരമല്ല പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

‘ഇയാളുടേത് ഒരേ സമയം രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടിയുള്ള നില്‍പ്പാണെന്ന് ഇത് കേട്ട ആ നിമിഷം ബോധ്യപ്പെട്ടതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് രാഷ്ട്രീയം ഉണ്ടാവണമെന്നല്ല പറഞ്ഞ് വരുന്നത്. ‘അവന്മാരൊക്കെ കമ്മികളാണെന്ന’സ്റ്റേറ്റ്മെന്റ് എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത് എന്നതാണിവിടെ പ്രശ്‌നം.

ഇത്തവണ തൃശ്ശൂരിലേത് ബിജെപിയുടെ അഭിമാനപോരാട്ടമായിരുന്നു. ബിജെപി അവരുടെ ‘പോസ്റ്റര്‍ ബോയിയായി’ സുരേഷ് ഗോപിയെ അവതരിപ്പിച്ച്, പ്രധാനമന്ത്രി ഉള്‍പ്പെടെ രണ്ട് തവണ നേരില്‍ വന്ന് പ്രചരണം നടത്തിയ മണ്ഡലം. എന്ത് വില കൊടുത്തും തൃശ്ശൂര്‍ പിടിക്കുക എന്നത് ബിജെപിയുടെ ഇത്തവണത്തെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു.

എന്നാല്‍ സഖാവ് വി എസ് സുനില്‍ കുമാറിന്റെ ജനകീയ മുഖം അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. തൃശ്ശൂര്‍ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ അവിടെ നിന്ന് സഖാവ് വി എസ് സുനില്‍ കുമര്‍ ഉറപ്പായും തിരഞ്ഞെടുക്കപ്പെടും എന്ന സാഹചര്യമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.

ഇതൊക്കെ മാറ്റിമറിച്ചത് ‘തൃശ്ശൂര്‍ പോലീസിന്റെ പൂരം കലക്കല്‍’ തന്നെയാണ്. ‘താരതമ്യേന ജൂനിയറായ എസിപി അങ്കിത് അശോക് സ്വന്തം താല്‍പര്യ പ്രകാരം ഇങ്ങനെ ഒരു വിവാദത്തില്‍ ഇടപെടുമെന്ന് നിങ്ങള്‍ ഇന്നും കരുതുന്നുണ്ടോ നിഷ്‌ക്കളങ്കരേ..’ സുരേഷ് ഗോപിക്ക് വഴി വെട്ടിയത് ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച് പറയുന്നില്ല,’ അദ്ദേഹം പറഞ്ഞു.