‘ആ കുട്ടിയോട് എന്ത് പറയും’; പതിനേഴുകാരന്റെ വേദനയ്ക്ക് മുൻപിൽ വിങ്ങിപ്പൊട്ടി മന്ത്രി എകെ ശശീന്ദ്രൻ

0
1608

വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിലെ ദുരിതബാധിതരുടെ അനുഭവങ്ങൾ കേട്ട് വിങ്ങിപ്പൊട്ടി വനംമന്ത്രി എകെ ശശീന്ദ്രൻ. കാണാതായവർക്ക് വേണ്ടി മേഖലയിൽ നടക്കുന്ന ജനകീയ തിരച്ചിലിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എകെ ശശീന്ദ്രൻ. ദുരന്തത്തിൽ കാണാതായ നാസറിന്റെ പതിനേഴുകാരനായ മകനെ കെട്ടിപ്പിടിച്ചായിരുന്നു മന്ത്രി കരഞ്ഞത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

‘ഇത് കണ്ടിട്ട് എന്താണ് പറയുക? വല്ലാത്തൊരു അനുഭവമായിപ്പോയി. ഇങ്ങനെയൊരു കാഴ്‌ചക്ക് സാക്ഷിയാകേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഇവരോട് ഞാൻ എന്ത് ഉത്തരമാണ് പറയുക? അവരുടെ ചോദ്യത്തിന് ഉത്തരമില്ല. അവരുടെ രക്ഷക്കായി ശ്രമിക്കുക എന്നത് മാത്രമേയുള്ളൂ.’ മന്ത്രി മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു.

ഈ കുട്ടിയോട് എന്തുസമാധാനം പറയുമെന്നും അദ്ദേഹം ചോദിച്ചു. ഉരുൾപൊട്ടലിൽ കാണാതായ നാസറിനെ തിരഞ്ഞ് മകനും തിരച്ചിലിൽ പങ്കാളിയായിരുന്നു. ഈ കുട്ടിയെ ചേർ‌ത്തുപിടിച്ചാണ് മന്ത്രി വികാരാധീനനായി നിന്നത്. കുട്ടിയുടെ മുന്നിൽ മന്ത്രി കൈകൂപ്പി നിൽക്കുകയായിരുന്നു, ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും അദ്ദേഹത്തിന് കണ്ണീരടക്കൻ കഴിഞ്ഞില്ല.


രണ്ട് ശരീര ഭാഗങ്ങൾ കൂടി ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. രണ്ടാംഘട്ട ജനകീയ തിരച്ചിലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. പരപ്പൻപാറയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയിലായിരുന്നു ഇന്ന് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് നിന്ന് മൂന്നിലധികം മൃതദേഹ ഭാഗങ്ങൾ കിട്ടിയിരുന്നു.

ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളും തിരച്ചിലിന് രംഗത്തുണ്ട്. നേരത്തെ സൺറൈസ് വാലിയിലെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ സൈന്യത്തിന്റെ സഹായത്തോടെ സൂചിപ്പാറ മേഖലയിൽ പുഴയുടെ താഴ്ഭാഗങ്ങളിലും തിങ്കളാഴ്‌ച തിരച്ചിൽ നടത്താനാണ് തീരുമാനം.

പരപ്പൻപാറയിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി

കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്തു നിന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇവിടങ്ങളിൽ ജനകീയ തിരച്ചിൽ തുടങ്ങിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്തുനിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. സന്നദ്ധപ്രവർത്തകരും ഫോറസ്റ്റ് സംഘവും പ്രദേശത്ത്‌ കൂടുതൽ തിരച്ചിൽ നടത്തുകയാണ്.

കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി. ഇവ എയർലിഫ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്.

അതേസമയം, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

29, 30 തിയ്യതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടമേഖയിൽ 2018 മുതൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകളുണ്ടായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ എഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷ്ണങ്ങളും മണ്ണും ചെളിയും വേഗത്തിൽ ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക