ഭൂമിയിലേക്കെത്തും മുന്‍പെ കലിതുള്ളി വന്ന മലവെള്ളപ്പാച്ചില്‍ കവര്‍ന്നത് പ്രിയങ്കയുടെ ഉദരത്തില്‍ വളരുന്ന ആ ഗര്‍ഭസ്ഥ ശിശുവിനെയും

0
2231

ഉരുൾപൊട്ടിയപ്പോൾ വയനാട്ടിലേക്ക് വിവാഹം കഴിച്ചു പോയ പ്രിയങ്കയും ഭർത്താവും അടങ്ങുന്ന കുടുംബം ഒന്നാകെ ഒലിച്ചുപോയി. മരിച്ചവരുടെ കണക്കെടുക്കുമ്പോള്‍ കണ്ണില്‍ കാണാന്‍ കഴിയാത്ത ഒരാള്‍ കൂടി പ്രിയങ്കക്കൊപ്പം ഇല്ലാതായിട്ടുണ്ട്.

ഭൂമിയിലേക്കെത്തും മുന്‍പെ കലിതുള്ളി വന്ന മലവെള്ളപ്പാച്ചില്‍ കവര്‍ന്നത് പ്രിയങ്കയുടെ ഉദരത്തില്‍ വളരുന്ന ആ ഗര്‍ഭസ്ഥ ശിശുവിന്‍റെ ജീവന്‍ കൂടിയാണ്.  മരണകണക്കുകളില്‍ പ്രിയങ്ക മാത്രമേയുള്ളു, മണ്ണിനടിയില്‍ നിന്ന് പ്രിയങ്കയെ കോരിയെടുത്തവര്‍ പേലും ഉള്ളില്‍വെച്ചു തന്നെ ലോകത്തോട് വിടപറഞ്ഞ  ആ പിഞ്ചുജീവനെക്കുറിച്ച് അറിഞ്ഞുകാണില്ല. 

ഒരു കുഞ്ഞു ജീവനെ കയ്യിൽ എടുത്ത് തിരികെ വരാം എന്ന ഉറപ്പിലാണ് ദുരന്തത്തിന് രണ്ടുദിവസം മുൻപ് കോഴിക്കോട്ടെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞ് പ്രിയങ്ക ഇറങ്ങിയത്. മേപ്പാടിയിലുള്ള ജിനു രാജനുമായി  25 കാരിയായ പ്രിയങ്കയുടെ വിവാഹം നടന്നത് മൂന്ന് മാസം മുന്‍പാണ്. ഉള്ളിൽ ഒരു കുരുന്നു ജീവനുമായി നിറങ്ങളുള്ള ജീവിതത്തെ സ്വപ്നം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ പ്രിയങ്ക. 

പ്രിയങ്കയുടെ മൃതദേഹം മാത്രമാണ് കണ്ടുകിട്ടിയത്. ഭർത്താവ് അടക്കം ബാക്കിയുള്ളവർക്കായി തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. ഏഴു പേരടങ്ങുന്ന ജിനുവിന്‍റെ കുടുംബത്തെ പൂർണ്ണമായും ദുരന്തം കവർന്നെടുത്തു. ആക്രി കച്ചവടം നടത്തി കുടുംബം നോക്കുന്ന ജോസിന്‍റെ മക്കളിൽ രണ്ടാമത്തെ ആളാണ് പ്രിയങ്ക. പഠിക്കുന്ന കാലം മുതലേ ചെറിയ ജോലികൾ ചെയ്ത സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ചവൾ. സ്വകാര്യ ബാങ്കിലെ ജോലി കൊണ്ട് വീട്  നോക്കി. മുതിർന്ന സഹോദരന് പോലും തണലായവൾ.