ശ്രീഹരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നഷ്ടമായത് ഉറ്റ ചങ്ങാതിയെയും കുടുംബത്തെയും

0
1278

കല്‍പ്പറ്റ: കോളേജിലെ തന്റെ പ്രിയ സുഹൃത്തിന്റെ വീടും നാടും കാണാന്‍ മുണ്ടക്കൈയിലെത്തിയതാണ് ശ്രീഹരി. പക്ഷെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു. തലനാരിഴയ്ക്കാണ് ശ്രീഹരി ആ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പക്ഷെ തന്റെ കൂട്ടുകാരന്‍ ശരണും കുടുംബവും ആ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.

ശ്രീഹരി വയനാട് കോളേരി സ്വദേശിയാണ്. ശ്രീഹരിയും ശരണും കോഴിക്കോട് നടക്കാവിലാണ് ഏവിയേഷന്‍ കോഴ്സ് പഠിക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് ശ്രീഹരി മുണ്ടക്കൈയിലെത്തുന്നത്. മുണ്ടക്കൈയുടെ കുറേ ചിത്രങ്ങളെല്ലാം എടുത്ത് അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു.

തിങ്കളാഴ്ച്ച രാത്രി ശരണിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുമ്പോള്‍ നല്ല മഴ പെയ്തിരുന്നു ആ സമയത്ത് ശരണിന്റെ അച്ഛന്‍ പറയുന്നുണ്ടായിരുന്നു മഴ ഇങ്ങനെ പെയ്യുകയാണെങ്കില്‍ നാളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറണമെന്ന്. ഉറങ്ങാന്‍ കിടന്ന ശേഷമാണ് എല്ലാം തകര്‍ത്ത് മലവെള്ളപ്പാച്ചില്‍ വരുന്നത്.

ഒഴുകിപ്പോയപ്പോള്‍ ഒരു വടിയില്‍ പിടുത്തം കിട്ടി. ഒഴുകിയെത്തിയത് തകരാതെനിന്ന തേയില ഫാക്ടറി കെട്ടിടത്തിനരികെ. എങ്ങിനെയൊക്കെയോ ആ കെട്ടിടത്തിന്റെ മുകളില്‍ കയറിയിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകരെത്തി രക്ഷിച്ചെങ്കിലും മുണ്ടക്കൈ ഒറ്റപ്പെട്ടതിനാല്‍ പുറത്തെത്താനായില്ല. ദേഹമാസകലം മുറിവും ചതവുമായി ചൊവ്വാഴ്ച വൈകീട്ടുവരെ അവിടെ കഴിച്ചുകൂട്ടി. ഇതിനിടെ ആരുടെയോ ഫോണ്‍ വാങ്ങി, സുരക്ഷിതനാണെന്നുമാത്രം അമ്മയെ അറിയിച്ചു-ശ്രീഹരിയടെ വാക്കുകള്‍.