കണ്ണൂര്‍: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് കൈത്താങ്ങാവാന്‍ സിനിമ ലോകവും. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, ബേസില്‍ ജോസഫ്, ഉണ്ണി മുകുന്ദന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ വയനാടിന് ഐക്യദാര്‍ഢ്യവുമായി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കണമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടം പുറത്തുവിട്ട കണ്‍ട്രോള്‍ റൂം നമ്പറുകള്‍ താരങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഉരുള്‍പൊട്ടല്‍, മഴ സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള മുന്നറിയിപ്പുകള്‍ ടോവിനോ തോമസും പങ്കുവെച്ചിട്ടുണ്ട്.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായം എത്തിക്കാനായി ഡിവൈഎഫ്‌ഐ ആരംഭിച്ച കളക്ഷന്‍ സെന്ററിലെ സജീവ സാന്നിധ്യമാണ് നടി നിഖില വിമല്‍. തളിപ്പറമ്പില്‍ സജ്ജമാക്കിയ കളക്ഷന്‍ സെന്ററില്‍ രാത്രി ഏറെ വൈകിയും നിഖില സേവനവുമായി രംഗത്തുണ്ടായിരുന്നു.





