കൊവിഡ് മുൻകരുതൽ നടപടി, ഫെസ്റ്റിവലുകൾ നിർത്തിവെക്കാൻ ഗവർണറുടെ ഉത്തരവ്

0
1573

റിയാദ്: കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ഏതാനും ഫെസ്റ്റിവലുകൾ നിർത്തിവെക്കാൻ ഉത്തരവ്. അൽ ഖസീം പ്രവിശ്യ ഗവർണറുടേതാണ് ഉത്തരവ്. മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അൽഖസീം പ്രവിശ്യയിലെ അഞ്ചു ഫെസ്റ്റിവലുകളും പരിപാടികളും നിർത്തിവെക്കാൻ പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ മിശ്അൽ രാജകുമാരൻ നിർദേശിച്ചത്.

ഇത് സംബന്ധമായി ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉടനടി നിർത്തിവെക്കാൻ ഗവർണർ ഉത്തരവിട്ടത്. കൊറോണ വൈറസ് വ്യാപനം തടയാൻ ഭരണാധികാരികൾ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി, സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഫെസ്റ്റിവലുകളും പരിപാടികളും നിർത്തിവെക്കാൻ ഗവർണർ നിർദേശിച്ചതെന്ന് അൽഖസീം ഗവർണറേറ്റ് വക്താവ് അഹ്മദ് അൽഹുസൈൻ പറഞ്ഞു.