‘ഇവിടെ പോലീസ് ഇല്ലേ, ഇവനെ പിടിച്ച് കൊണ്ടുപോ’; പ്രസംഗത്തിനിടെ മന്ത്രി സജി ചെറിയാന് മദ്യപന്റെ കൂവല്‍

0
1921

ആലപ്പുഴ: പ്രസംഗത്തിനിടെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെയായിരുന്നു കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി. മദ്യലഹരിയിലായിരുന്ന ആളാണ് കൂവിയത്. പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ മൈക്ക് ഓപ്പറേറ്ററുടെ അടുത്തായി ഇയാള്‍ ഉണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. കൂവല്‍ ഉയര്‍ന്നപ്പോള്‍ തന്നെ പ്രസംഗം നിര്‍ത്തി മന്ത്രി ഇടപെട്ടു.

‘അത് വേറെ സൂക്കേടാ’ എന്നായിരുന്നു കൂവലിനോടുള്ള മന്ത്രിയുടെ ആദ്യ പ്രതികരണം. പിന്നീട് ക്ഷുഭിതനായ മന്ത്രി, ‘ഇവിടെ പോലീസ് ഇല്ലേ, ഇവനെ പിടിച്ച് അകത്തോട്ട് കൊണ്ടുപോ’ എന്ന് നര്‍ദേശം നല്‍കി.

ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ കൂവിയ ആളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ‘നിങ്ങള്‍ ഇടപെടേണ്ട, നിയമപരമായി ചെയ്താല്‍ മതി, പോലീസ് കൊണ്ടുപോകും’ എന്ന് പറഞ്ഞ് മന്ത്രി പ്രവര്‍ത്തകരെ വിലക്കി. വീഡിയോ റിപ്പോർട്ട് കാണാം 👇