റിയാദ്: രാജ്യത്ത് മുഴുവൻ ആവശ്യങ്ങൾക്കും തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസ് ആകണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നതോടെ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് പുതിയ പ്രത്യേക ഹെൽത്ത് സ്റ്റാറ്റസ് പുറത്തിറക്കി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരിൽ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് കാണിക്കാൻ സാധികാത്തതിനാലാണ് പുതിയ കാറ്റഗറി കൂട്ടിച്ചേർത്തത്. Exempt എന്ന പുതിയ സ്റ്റാറ്റസ് ആണ് ഇവർക്ക് തവക്കൽനയിൽ കാണിക്കുക. ഇമ്മ്യൂൺ സ്റ്റാറ്റസ്കാർക്ക് ലഭിക്കുന്ന ഇളവുകൾ ഇവർക്കും ഇനി ലഭിക്കും.
കൊറോണ വൈറസ് പ്രതിരോധ വാക്സിൻ എടുക്കാൻ സാധികാത്തവരിൽ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് മുൻകൂർ അനുവാദം വാങ്ങുന്നവർക്കാണ് “ഒഴിവാക്കപ്പെട്ടവർ” സ്റ്റാറ്റസ് ദൃശ്യമാകുക. ആൻഡ്രോയിഡ് ഫോണിൽ തവക്കൽന ആപിൽ തന്നെ ഇത് അപ്ഡേറ്റ് ആകും. എന്നാൽ ഐ ഫോണിൽ തവക്കൽന ആപ് ഉപയോഗിക്കുന്നവർക്ക് Tawakkalna.sdaia.gov.sa എന്ന ലിങ്ക് വഴിയാണ് ഈ സ്റ്റാറ്റസ് ലഭ്യമാകുക.
കൊവിഡിനെതിരെയുള്ള വാക്സിൻ കുത്തിവെപ്പെടുക്കാൻ മറ്റു രോഗങ്ങൾ കൊണ്ട് തടസ്സമുള്ളവർക്ക് സ്ഥാപനങ്ങളിലും മാളുകളിലും മറ്റും പ്രവേശിക്കുന്നതിനുള്ള നിർബന്ധിത വാക്സിനേഷനിൽ നിന്ന് ഇളവ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അംഗീകൃത മെഡിക്കൽ റിപ്പോർട്ട് പ്രകാരം അലർജി പോലുള്ള അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ പ്രയാസമുള്ളവർക്കാണ് ഇളവ് നൽകുക.
ഇത്തരക്കാർ തങ്ങളുടെ ആരോഗ്യ സ്ഥിതിവിവരങ്ങൾ അടങ്ങിയ രേഖകൾ സഹിതം Exempt@moh.gov.sa എന്ന ഈമെയിലിലേക്ക് അപേക്ഷ അയക്കണം. അംഗീകാരം കിട്ടുന്ന മുറപ്രകാരം ഇവർക്ക് ഇളവ് ലഭിക്കും. വിവിധ രോഗങ്ങൾക്ക് ചികിത്സക്കായി ആശുപത്രികളിലും മെഡിക്കൽ ഫാർമസികളിലേക്കും പ്രവേശിക്കുന്നതിനും വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയിൽ ഇളവുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.





