ഡിസ്‌കവർ ഖത്തറിൽ ക്വാറന്റൈൻ പാക്കേജ് ലഭ്യമല്ല, നിരവധി മലയാളികളുടെ യാത്ര മുടങ്ങി, നിരവധി പേർ അനിശ്ചിതത്വത്തിൽ

യാത്ര ക്രമീകരിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങും

0
4552

കോഴിക്കോട്: സഊദിയിലേക്ക് പോകാനായി ഖത്തർ വഴി യാത്ര ക്രമീകരിച്ച നിരവധി പേർക്ക് യാത്ര മുടങ്ങി. അതിലുപരി നിരവധി പേരുടെ യാത്ര അനിശ്ചിതത്വത്തിലുമാണ്. നിർബന്ധിത ക്വാറന്റൈൻ ഖത്തറിൽ പ്രാബല്യത്തിൽ വന്നതോടെ അതിനായി ശ്രമിച്ചവരാണ് ഇപ്പോൾ ഹോട്ടൽ ക്വാറന്റൈൻ സാധ്യമാകാത്തതിനെ തുടർന്ന് യാത്ര മുടങ്ങിയത്. പലരുംഗ്രൂപ്പ് ടിക്കറ്റോ റീഫണ്ട് പോലുമില്ലാത്ത ടിക്കറ്റോ ആണ് എടുത്തത് എന്നതിനാൽ ടിക്കറ്റ് പണം പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്‌തു. നേരത്തെ ടിക്കറ്റെടുത്ത് വെച്ച് യാത്ര ക്രമീകരിച്ചവർ ഇന്നലെ മുതൽ പ്രാബല്യത്തിലായ നിർബന്ധിത ക്വാറന്റൈൻ സജ്ജീകരണത്തറിനായി ഖത്തറിന്റെ ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ശ്രമം നടത്തിയപ്പോഴാണ് പെട്ടത്. ക്വാറന്റൈൻ പാക്കേജ് ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെയും ഇന്നുമായി നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.

സഊദിയിലേക്ക് ഖത്തർ വഴി ഇന്നലെയും ഇന്നും അടുത്ത ദിവസങ്ങളിലും യാത്ര ചെയ്യാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്‌ത്‌ വെച്ചവരാണ് ഇപ്പോൾ ദുരിതത്തിലായത്. ഇന്നലെ നിയമം പ്രാബല്യത്തിൽ വന്നതോടെ ഹോട്ടൽ ബുക്കിങ്ങിനായി ശ്രമം നടത്തിയെങ്കിലും സൈറ്റ് തുറക്കാതായതും തുറന്നിട്ടും ബുക്കിങ് നടക്കാതെയും വന്നതോടെ ഇവരുടെ വിമാന യാത്ര മുടങ്ങുകയായിരുന്നു. ഇതിനിടെ ഇവരിൽ പലരും സാധാരണ ഹോട്ടൽ ബുക്കിങ് നടത്തി ഇഹ്തിറാസിൽ അനുമതി നേടാൻ ശ്രമം നടത്തിയെങ്കിലും അനുമതി ലഭ്യമായില്ല.

സമാനമായ പ്രശ്‌നം തന്നെയാണ് ഇന്നത്തെ യാത്രക്കാരും നേരിടുന്നത്. നേരത്തെ വിമാന ടിക്കറ്റ് എടുത്ത് വെച്ച പലർക്കും തുടർ ദിവസങ്ങളിലും സമാനമായ പ്രശ്‌നം നേരിടാൻ സാധ്യതയുണ്ടെന്നാണ് ട്രാവൽസ് മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നത്. ഇവർക്ക് ഡിസ്‌കവർ ഖത്തർ വഴി ഹോട്ടൽ ക്വാറന്റൈൻ പാക്കേജ് ലഭിച്ചാൽ മാത്രമേ യാത്ര പോകാനാവൂ. മാത്രമല്ല, അതിനു ശേഷം ഇഹ്തിറാസിൽ രജിസ്റ്റർ ചെയ്‌ത്‌ അനുമതി ലഭിക്കുകയും വേണം.

ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റ് വഴി ഹോട്ടൽ ബുക്കിങ് പൂർത്തീകരിച്ച ശേഷമേ വിമാന ടിക്കറ്റ് വാങ്ങാവൂ എന്നും ഗ്രൂപ്പ് ടിക്കറ്റ് വാങ്ങുന്നതിനു പകരം സ്വന്തമായുള്ള ടിക്കറ്റ് വാങ്ങാൻ ശ്രമിക്കണമെന്നും അനുഭവസ്ഥർ പങ്കു വെക്കുന്നുണ്ട്. സിംഗിൾ ടിക്കറ്റ് ആണെങ്കിൽ യാത്രയുടെ നാല് മണിക്കൂർ മുമ്പെങ്കിലും ക്യാൻസർ ചെയ്‌താൽ ടിക്കറ്റിന്റെ ചെറിയൊരു ശതമാനമെങ്കിലും തിരിച്ചു ലഭിക്കും.