ദോഹ: ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ മാമാങ്കമായ ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്പ്പനഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ആരംഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18വരെ നീളുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് https://www.fifa.com/ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ വിസാ കാര്‍ഡ് കൈയിലുള്ളവര്‍ക്കാണ് ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം. ആഗസ്ത് 3 മുതല്‍ ആഗസ്ത് 17 വരെയാണ് വിസാ പ്രീസെയില്‍. ഈ തിയ്യതിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അനുവദിക്കപ്പെട്ട ടിക്കറ്റുകളേക്കാള്‍ കൂടുതലാണെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. സെപ്തംബര്‍ മധ്യത്തോടെ വിജയികള്‍ക്കും അല്ലാത്തവര്‍ക്കും വിവരം ലഭിക്കും.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഈഘട്ടത്തില്‍ ടിക്കറ്റ് ലഭിക്കുക. അവസാന മിനിറ്റ് ടിക്കറ്റ് വില്‍പ്പന നവംബര്‍ 2ന് ആരംഭിച്ച് ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ നീളും
ഗ്രൂപ്പ് സ്റ്റേജിലെ കാറ്റഗറി നാലില്‍ 25 റിയാല്‍ മുതല്‍ ഫൈനല്‍ മല്‍സരത്തിന്റെ കാറ്റഗറി ഒന്നില്‍ 245 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ഓരോ കളികള്‍ക്കുമുള്ളതോ തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ ടിക്കറ്റ് സീരീസ് ആയോ ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ https://www.fifa.com/tickest എന്ന ലിങ്കില്‍ ലഭ്യമാണ്.




