യുഎഇയില്‍ ഇനി യുപിഐ ഉപയോഗിച്ച് പണമടയ്ക്കാം

0
935

ഇതിനായി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്: ഇനി യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ്) ആപ്പ് ഉപയോ​ഗിച്ച് പണമടയ്ക്കാം. ഇതിനായി ഇന്ത്യൻ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺപേ അല്ലെങ്കില്‍ ​ഗൂ​ഗിൾ പേ പോലെയുള്ള ഇഷ്ടപ്പെട്ട യുപിഐ ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താം.

എല്ലാ ഇടപാടുകളും ഇന്ത്യൻ രൂപയിൽ (INR) പ്രോസസ്സ് ചെയ്യപ്പെടും, പേയ്‌മെൻ്റ് സമയത്ത് മെഷീനിൽ നിലവിലുള്ള കറൻസി വിനിമയ നിരക്ക് വ്യക്തമായി പ്രദർശിപ്പിക്കുകയും ചെയ്യും. എന്നാൽ, യുപിഐ ഇടപാടുകള്‍ മശ്രിഖ് ബാങ്കിന്റെ നിയോപേ ടെര്‍മിനലുകളില്‍ മാത്രമേ നടത്താനാകൂ എന്ന നിബന്ധനയുണ്ട്. എന്നാല്‍ പല റീട്ടെയില്‍, ഡൈനിംഗ് ഔട്ട്ലെറ്റുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇത് ലഭ്യമാണ്. മശ്രിഖ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായ നിയോ പേ യുഎഇയില്‍ യുപിഐ പെയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

യുപിഐ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്ന ഷോപ്പ് അല്ലെങ്കിൽ റെസ്റ്റോറൻ്റ് മനസിലകുന്നതിനായി ഒരു അടയാളം സാധാരണയായി ചെക്ക്ഔട്ട് കൗണ്ടറിൽ കാണാനും സാധിക്കും. 2024 ഏപ്രിലിൽ മശ്രിഖ് ബാങ്കും എൻപിസിഐ ഇൻ്റർനാഷണൽ പേയ്‌മെൻ്റ് ലിമിറ്റഡും (NIPL) തമ്മിലുള്ള സഹകരണമാണ് ഈ സംവിധാനം ഒരുക്കുന്നത്. യുഎഇയിലെ എന്‍ആര്‍ഐകള്‍ക്കും പ്രാദേശിക മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ കഴിയും.

യുപിഐ ഇന്റര്‍നാഷണലിനെ പിന്തുണയ്ക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്കായി മാത്രമേ അന്താരാഷ്ട്ര ഇടപാടുകള്‍ സജീവമാക്കാന്‍ കഴിയൂ. ഒരു ബാങ്ക് അക്കൗണ്ടിനായുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്കുള്ള ആക്ടിവേഷന്‍ ഏഴ് ദിവസത്തിന് ശേഷം കാലഹരണപ്പെടും. അതിനുശേഷം അത് വീണ്ടും ആക്ടിവേറ്റ് ചെയ്യാം. പണവും ക്രെഡിറ്റ് കാർഡും കൈവശം കൊണ്ടുനടക്കാത്തവർ‍ക്ക് ഇത് പേയ്മെന്റ് സംവിധാനങ്ങൾ എളുപ്പമാക്കുന്നു.

എങ്ങനെ യുപിഐ പേയ്‌മെൻ്റുകൾ വഴി പണമടയ്ക്കാം?

ഫോൺ പേ വഴിയാണ് നിങ്ങൾ പണം അടയ്ക്കുന്നതെങ്കിൽ അറിയാം.

• ആദ്യം ഫോൺ പേ ആപ്പ് ഓപ്പൺ ചെയ്ത് ഹോം സ്ക്രീനിൽ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക് ചെയ്യുക.

• പേയ്‌മെൻ്റ് മാനേജ്‌മെൻ്റ് എന്ന കാറ്റ​ഗറി കാണാൻ സാധിക്കും അതിന് കീഴിൽ ‘ഇൻ്റർനാഷണൽ’ എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് ആക്ടിവേറ്റക്കുക.

• ശേഷം ഏതൊക്കെ കടകളില്‍ യുപിഐ ഉപയോഗിക്കാമെന്നതിന്‍റെ വിവരങ്ങള്‍ ലഭിക്കും.

• സ്കാന്‍ ചെയത് പണമടയ്ക്കാം. ദിര്‍ഹംസിന് തുല്യമായ ഇന്ത്യന്‍ തുകയായിരിക്കും ഡെബിറ്റാകുക.

ഇത് ആക്ടിവേറ്റാക്കി കഴിഞ്ഞാൽ യുഎഇയിലെ ഇടപാടുകൾക്കായി നിങ്ങൾക്ക് യുപിഐ ഉപയോഗിക്കാം.

ഗൂ​ഗിൾ പേ വഴിയാണ് നിങ്ങൾ പണം അടയ്ക്കുന്നതെങ്കിൽ എങ്ങനെയെന്ന് നോക്കാം.

• ആദ്യം ​ഗൂഗിൾ പേ ആപ്പ് തുറക്കുക.

• QR കോഡ് സ്കാൻ ചെയ്യുക ക്ലിക് ചെയ്യുക

• അന്താരാഷ്ട്ര വ്യാപാരിയുടെ QR കോഡ് സ്കാൻ ചെയ്യുക.

• അടയ്‌ക്കേണ്ട തുക വിദേശ കറൻസിയിൽ നൽകുക.

• പണമടയ്ക്കാൻ ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

• ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള ഡെബിറ്റ് ഇന്ത്യൻ കറൻസിയിലായിരിക്കും.

• യുപിഐ ഇൻ്റർനാഷണൽ എന്ന ഐക്കൺ ക്ലിക്ക് ചെയ്ത് ആക്ടിവേറ്റാക്കുക.