ഒരാഴ്ച്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് അഞ്ച് പോലീസുകാർ; ഇടപെടലാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
1211

കൊച്ചി: ജോലിഭാരവും മേലുദ്യോ​ഗസ്ഥരുടെ സമ്മർദ്ദവും താങ്ങാനാകാതെ പൊലീസിൽ ആത്മഹത്യകൾ പെരുകുകയാണെന്ന പരാതി പരിശോധിച്ച് അടിയന്തര ഇടപെടൽ നടത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.

ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണു കമ്മിഷൻ ആക്ടിങ് ചെയർപഴ്സണും ജുഡിഷ്യൽ അംഗവുമായ കെ ബൈജുനാഥ് നിർദേശം നൽകിയത്. പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ജൂലൈ 24ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരാതി പരിഗണിക്കും. ഒരാഴ്ചയ്ക്കിടെ അഞ്ച് പൊലീസുകാർ ആത്മഹത്യ ചെയ്തെന്നാണു പരാതിയിൽ പറയുന്നത്. പൊലീസ് വൃത്തങ്ങളിലും പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിലും സഹപ്രവർത്തകരുടെ ആത്മഹത്യ വലിയ ചർച്ചയാണ്.

പൊലീസ് സ്റ്റേഷന്റെ ഭരണം സിഐമാർ ഏറ്റെടുത്തതോടെയാണു പ്രശ്നം രൂക്ഷമായതെന്നാണ് പറയുന്നത്. എസ്ഐമാർ എസ്എച്ച്ഒമാർ ആയിരുന്നപ്പോൾ പൊലീസുകാരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയാണു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ അതല്ല അവസ്ഥ. അച്ചടക്ക നടപടിക്കു വിധേയരായവരാണ് ആത്മഹത്യ ചെയ്തത്.

വിഴിഞ്ഞം എസ്ഐ കുരുവിള ജോർജ്, വണ്ടൻമേട് സ്റ്റേഷൻ സിപിഒ എ.ജി.രതീഷ്, കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷനിലെ മധു, തൃശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ജിമ്മി ജോർജ്, ആലപ്പുഴ സായുധ ക്യാംപിലെ ഡ്രൈവർ സുധീഷ് എന്നിവരാണു കഴിഞ്ഞയാഴ്ച ജീവനൊടുക്കിയതെന്ന് വാർത്തകൾ ഉദ്ധരിച്ച് മനുഷ്യാവകാശ കമ്മീഷൻ പറയുന്നു.