കുവൈത്ത്സിറ്റി: കൊവിഡ് പശ്ചാത്തലത്തിൽ വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. വിലക്ക് പിൻവലിച്ചതിനു പിന്നാലെ അറബ് യൂറോപ്യൻ പൗരന്മാർ രാജ്യത്തേക്ക് പ്രവേശനം നേടിയെങ്കിലും ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ മടക്കം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
തുർക്കി, ഖത്തർ, ഈജിപ്ത്, ലെബനൻ, ജോർദാൻ, മൊറോക്കോ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ആദ്യ ദിനം വിമാനമിറങ്ങിയത്. അതേസമയം, യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, ഇന്ത്യ ഉൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വിമാന സർവ്വീസ് നടത്താൻ ഡിജിസിഎ ഇതുവരെ അനുമതി നൽകിയിട്ടില്ല. റെഡ്ലിസ്റ്റിൽ പെട്ട പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ഷെഡ്യൂളുകൾക്ക് ഡിജിസിഎ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇത് ആശങ്ക ഉയർത്തിയിട്ടുണ്ട്. റെഡ്ലിസ്റ്റിൽ പെട്ട ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യത്ത് 14 കഴിഞ്ഞ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇമ്മ്യൂൺ ആപ്പിൽ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാമെന്നും മറ്റൊരു രാജ്യത്ത് ക്വാറന്‍റൈൻ ഇരിക്കേണ്ടെന്നും ഡിജിസിഎ മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ഇക്കാര്യത്തിൽ അവ്യക്തത തുടരുന്നതിനാൽ എയർലൈൻ കമ്പനികൾ ഇന്ത്യക്കാരുടെ ടിക്കറ്റ് ബുക്കിങ്ങും നിർത്തിവെച്ചിരിക്കുകയാണ്.




