റിയാദ്: ഞായറാഴ്ച മുതൽ സഊദിയിലേക്ക് ടൂറിസം വിസയിൽ പ്രവേശനം നൽകാനുള്ള തീരുമാനത്തിന്റെയടിസ്ഥാനത്തിൽ സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വിമാന കമ്പനികൾക്ക് നിർദേശങ്ങൾ നൽകി. സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് പൂർണ്ണ ഡോസ് സ്വീകരിച്ച ടൂറിസം വിസയിലുള്ളവർക്ക് യാത്രാനുമതി നൽകാമെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കി. രാജ്യത്ത് സർവ്വീസ് നടത്തുന്ന വിമാന കമ്പനികൾക്കാണ് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ അയച്ചത്.
ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദിയിലേക്ക് ടൂറിസം വിസയിലും നേരിട്ട് പ്രവേശനം അനുവദിക്കുകയില്ല. വാക്സിനെടുത്ത ടൂറിസം വിസക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സഊദി പാസ്സ്പോർട്ട് വിഭാഗത്തിന്റെ കീഴിലുള്ള മുഖീം പോർട്ടലിൽ രജിട്രേഷൻ പൂർത്തീകരിക്കുകയും വേണം.




