യാംബു: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ജൂൺ 7 ന് യാംബു മേഖല സന്ദർശിക്കും.
രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും.
യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ
https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം.
ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുക. മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് പ്രവേശനം അനുവദിക്കില്ലെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.




