‘എല്ലാ കണ്ണും റഫയില്‍’; ഫലസ്തീന് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ

0
2300

കൊച്ചി: ഇസ്റാഈൽ നരഹത്യ തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സൂപ്പർ താരം ദുൽഖർ സൽമാൻ. റഫായിലെ ഇസ്രായേൽ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഐക്യദാർഢ്യം.

എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇൻസ്റ്റഗ്രാം സ്‌റ്റോറി കാംപയിനിൽ പങ്കുചേരുകയായിരുന്നു ദുൽഖർ.

കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മലയാളി താരം കനി കുസൃതി ഫലസ്തീന് ഐക്യദാർഢ്യവുമായി എത്തിയത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തൻ വാനിറ്റി ബാഗുമായാണ് കനി കാൻ വേദിയിലെത്തിയത്. കനി അഭിനയിച്ച പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്‌കാരം ലഭിച്ചിരുന്നു.

ഞായറാഴ്ച രാത്രി റഫായിലെ ഒരു അഭയാർഥി ക്യാംപ് ഇസ്രായേൽ ബോംബിട്ട് കത്തിച്ചാമ്പലാക്കിയിരുന്നു. സംഭവത്തിൽ അൻപതോളം പേരാണു വെന്തുമരിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും വയോധികരുമായിരുന്നു.

ഗർഭിണികളും കൂട്ടത്തിലുണ്ടായിരുന്നതായി റിപ്പോർട്ടുകള്‍ വരുന്നുണ്ട്. റഫായിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് അവഗണിച്ചായിരുന്നു ഇസ്രായേൽ അതിക്രമം.