റീല്‍സ് എടുക്കാനായി കുട ചൂടി ബസ് ഓടിച്ചു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍

0
1975

ബംഗളുരു: കുട ചൂടി ബസ് ഓടിച്ചതിന് നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. ധാര്‍വാഡ് ഡിപ്പോയിലെ ഡ്രൈവര്‍ ഹനുമന്തപ്പയെയും കണ്ടക്ടര്‍ അനിതയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. 

വ്യാഴാഴ്ചയാണ് ബെട്ടഗെരിധാര്‍വാഡ് റൂട്ടിലോടുന്ന ബസില്‍ ഹനുമന്തപ്പ ഡ്രൈവറുടെ സീറ്റില്‍ കുട ചൂടിയിരുന്ന് ബസ് ഓടിച്ചത്. അനിത ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 

ഒരു കൈയില്‍ കുടപിടിച്ച് മറ്റേ കൈകൊണ്ട് സ്റ്റിയറിങ് പിടിച്ച് ബസ് ഓടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇതേപ്പറ്റി അന്വേഷണം നടത്തിയാണ് ആര്‍.ടി.സി. അധികൃതര്‍ നടപടിയെടുത്തത്. 

ബസിനുള്ളില്‍ ചോര്‍ച്ച ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് ഇവരുടെ വാദം. ഈ സമയം ബസില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ല. എന്നാല്‍ കുട ചൂടി ബസോടിക്കുന്നത് അപകടമുണ്ടാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.