ബഹ്‌റൈൻ കൊറോണ നിയന്ത്രണങ്ങൾ ലഘൂകരിച്ചു, മാളുകളിലും റെസ്റ്റോറന്റുകളിലും എല്ലാവർക്കും പ്രവേശിക്കാം

0
1982

മനാമ: ബഹ്‌റൈൻ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലഘൂകരിച്ചു. രാജ്യം ബഹ്‌റൈൻ കൊവിഡ്-19 “ഗ്രീൻ അലേർട്ട് ലെവലിലേക്ക്” നീങ്ങുന്നതിനെ തുടർന്നാണ് പുതിയ നീക്കം. റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ എന്നിവയിൽ പ്രവേശിക്കാൻ എല്ലാവർക്കും അനുവാദം നൽകുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി (ബി‌എൻ‌എ) വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച നടന്ന യോഗത്തിൽ രാജ്യത്തെ കൊറോണ വൈറസ് ടാസ്‌ക്ഫോഴ്‌സ് പ്രഖ്യാപിച്ച ഈ നീക്കം ഇന്ന് (വെള്ളിയാഴ്ച) മുതൽ പ്രാബല്യത്തിൽ വന്നു.

പുതിയ പ്രഖ്യാപനം അനുസരിച്ചു ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബാർബർഷോപ്പുകൾ, സലൂണുകൾ, സ്പാകൾ, വിനോദ കേന്ദ്രങ്ങൾ, സർക്കാർ സൗകര്യങ്ങൾ, ഔട്ട്‌ഡോർ ഇവന്റുകൾ, കോൺഫറൻസുകൾ എന്നിവയിൽ എല്ലാവർക്കും പ്രവേശനം നൽകും.

അതേസമയം, സിനിമാ ഹാളുകൾ, ഇൻഡോർ ഇവന്റുകൾ, കോൺഫറൻസുകൾ, ഇൻഡോർ കായിക ഇവന്റുകൾ എന്നിവയിലേക്കുള്ള പ്രവേശനം വാക്സിനേഷൻ എടുക്കുകയും രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു 14 ദിവസം പൂർത്തിയാക്കുകയും വൈറസിൽ നിന്ന് സുഖം പ്രാപിക്കുകയും ചെയ്തവർക്ക് മാത്രമേ അനുവദിക്കൂ.

ഈദ് അവധി ദിവസങ്ങളിലെ “ഓറഞ്ച് അലേർട്ട് ലെവൽ” നടപ്പിലാക്കിയതിന് പിന്നാലെയാണ് “ഗ്രീൻ അലേർട്ട് ലെവൽ” സ്വീകരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മാസ്ക് ധരിക്കുന്നതടക്കമുള്ള കാര്യങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്. വൈറസ് വ്യാപന നിരക്ക് കുറവാണെന്ന് ഉറപ്പുവരുത്തുന്നതിൽ ഓരോ വ്യക്തിക്കും പങ്കിട്ട ഉത്തരവാദിത്തമുണ്ടെന്നും കൊവിഡിൽ നിന്ന് പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനുള്ള ദേശീയ ശ്രമങ്ങളെ പിന്തുണക്കണമെന്നും ടാസ്‌ക്ഫോഴ്സ് കൂട്ടിച്ചേർത്തു.