ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മതാപിതാക്കളില്‍ ഒരാളുടെയെങ്കിലും അടുത്ത് സീറ്റ് നല്‍കണമെന്ന് വിമാന കമ്പനികളോട് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് നിര്‍ദേശിച്ചു.
എല്ലാ വിമാന കമ്പനികള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം ഡിജിസിഎ അധികൃതര്‍ നല്‍കി. യാത്രകളില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അടുത്തല്ലാതെ സീറ്റ് നല്‍കുകയും അങ്ങനെ ഇരുന്ന് യാത്ര ചെയ്യേണ്ടി വരുകയും ചെയ്യുന്ന സാഹചര്യങ്ങളെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നതിനാലാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് വിമാനക്കമ്പനികള്‍ക്ക് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നത്.
’12 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടി ഒരേ പിഎന്‍ആറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അവര്‍ക്ക് മാതാപിതാക്കളില്‍ ഒരാളുടെ അടുത്തെങ്കിലുമോ അല്ലെങ്കില്‍ രക്ഷിതാവിന് ഒപ്പമോ തന്നെ സീറ്റ് ലഭിക്കുന്നുവെന്ന് വിമാനക്കമ്പനികള്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദേശം.
ഈ നിര്‍ദേശം പാലിച്ചതിന്റെ രേഖകകള്‍ വിമാനക്കമ്പനി സൂക്ഷിക്കണമെന്നും ചൊവ്വാഴ്ച സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ഇതിന് പുറമെ സീറോ ബാഗേജ്, ഇഷ്ടമുള്ള സീറ്റുകള്‍ തെരഞ്ഞെടുക്കാനുള്ള അവസരം, ഭക്ഷണ – പാനീയങ്ങള്‍, സംഗീത ഉപകരണങ്ങള്‍ കൊണ്ടുപോകല്‍ തുടങ്ങിയവയ്ക്ക് അധികം ചാര്‍ജ് വാങ്ങാനും അനുമതി നല്‍കി.




