ജിദ്ദ: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി ഈ മാസം 20ന് യെമനിലേക്ക് പുറപ്പെടും. യെമനിലെത്തി നിമിഷ പ്രിയയെ കാണുന്നതിന് ദൽഹി ഹൈക്കോടതി അനുമതി നൽകിയ സഹചര്യത്തിലാണ് സന്ദർശനം. കൊച്ചിയിൽനിന്ന് മുംബൈ വഴിയാണ് പ്രേമകുമാരി യെമനിലേക്ക് പുറപ്പെടുന്നത്.
നിമിഷ പ്രിയ കേസിൽ യെമനിൽ നിയമനടപടികൾക്കും ചർച്ചകൾക്കും നേതൃത്വം നൽകുന്ന സാമുവേൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കും. അതേസമയം, ഇരുവർക്കും അനുവദിച്ച വിസക്ക് ഇനി ഒരു മാസത്തെ കാലാവധി
മാത്രമാണുള്ളത്. വിസ കാലാവധി പിന്നീട് ദീർഘിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അമ്മ പ്രേമകുമാരിക്ക് മകളെ കാണാനാകുന്നത്.
യെമനിലെത്തി മകളെ കാണുന്നതിനുള്ള പ്രേമകുമാരിയുടെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികളുടെയും അപേക്ഷ നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. യെമനിലെ
രാഷ്ട്രീയ സഹചര്യമായിരുന്നു ഇതിന് കാരണം പറഞ്ഞത്.
പിന്നീട്, ദൽഹി ഹൈക്കോടതിയാണ് അമ്മക്കും സാമുവേൽ ജെറോമിനും പോകാൻ അനുമതി നൽകിയത്. ഇരുവരും സ്വന്തം ഉത്തരവാദിത്വത്തിലാണ് യെമനിലേക്ക് പോകുന്നത്.
യെമൻ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായാണ് പ്രേമകുമാരി യെമനിലേക്ക് പോകുന്നത്.
2017 ൽ ബിസിനസ് പങ്കാളിയായ തലാൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷയെ 2020ൽ യമൻ കോടതി വധശിക്ഷക്ക് വിധിച്ചത്.




