ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പരമ്പരാഗതമായി അറബ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമായ എണ്ണയുടെ വലിയ വിഹിതവും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാല്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ ഇതില്‍ വലിയ മാറ്റം വന്നു.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റഷ്യക്ക് പാശ്ച്യാത്യ രാജങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയതാണ് സാഹചര്യങ്ങള്‍ മാറ്റിയത്. ഇതോടെ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്ക് വലിയ വിലക്കുറിവോടെ റഷ്യ എണ്ണ നല്‍കുകയായിരുന്നു. ഇതോടെ അറബ് രാജ്യങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറി. കഴിഞ്ഞ രണ്ട് വർഷത്തോളം ഈ സാഹചര്യം തുടരുകയാണ്.
എന്നാല്‍ അടുത്ത കാലത്തായി റഷ്യയില്‍ നിന്നും വരുന്ന എണ്ണയുടെ കിഴിവ് വലിയ തോതില്‍ കുറഞ്ഞു. ഇതോടെയാണ് എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ചത്. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി പുനരാരംഭിക്കുക എന്നതായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നു പ്രധാന പദ്ധതി.
ഇറാനില്‍ നിന്നും ഇറക്കുമതി പുനരാരംഭിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സാഹചര്യങ്ങള്‍ ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ക്ക് വിലങ്ങുതടിയായിരിക്കുകയാണ്. ‘ക്രൂഡ് ഇറക്കുമതിയുടെ കാര്യത്തിൽ ഞങ്ങൾ എല്ലായ്പ്പോഴും സാഹചര്യം നിരീക്ഷിക്കുന്നു. ഇറാനിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി പുനരാരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നിലവിലെ സ്ഥിതി കണക്കിലെടുത്ത്, ആ പദ്ധതി ഇപ്പോൾ മാറ്റിവച്ചിരിക്കുകയാണ്’ പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ആഗോള ഉപരോധം നേരിടുന്ന ഒരു രാജ്യത്തുനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നതിൽ നിന്ന് ഇന്ത്യ ഇതുവരെ വിട്ടുനിന്നിരുന്നു. ദക്ഷിണ അമേരിക്കൻ രാഷ്ട്രത്തിന്മേലുള്ള ഉപരോധം യുഎസ് നീക്കിയതിന് ശേഷം മാത്രമാണ് വെനസ്വേലൻ എണ്ണ ഇറക്കുമതി ചെയ്യുന്ന കാര്യം സർക്കാർ പരിഗണിച്ചിരുന്നത്.
ജനുവരിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ ഇറാൻ സന്ദർശന വേളയിൽ അടുത്തിടെ നടന്ന ഉഭയകക്ഷി യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തിരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്.
‘ഇറാനിൽ നിന്നുള്ള ഇറക്കുമതി കൂടി ലഭിക്കുകയാണെങ്കില്‍ റഷ്യന്‍ ഇറക്കുമതിയിലെ പ്രതിസന്ധികളില്‍ നിന്നുള്‍പ്പെടെ ഇന്ത്യക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും.. ഇറാനിൽ നിന്നുള്ള കയറ്റുമതി പേർഷ്യൻ ഗൾഫിലൂടെയും ഒമാൻ ഉൾക്കടലിലൂടെയുമാണ് നടക്കുന്നത്. ഇവിടെ ഹൂത്തി വിമതരുടെ പ്രശ്നങ്ങള്‍ അത്ര വലിയ തോതില്‍ ബാധിക്കാറുമില്ല.’ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഹൂത്തികൾ ഇറാനിയൻ ഭരണകൂടത്തിൻ്റെ സഖ്യകക്ഷികൾ കൂടിയായതിനാൽ ഇറാന്‍ നടത്തുന്ന വ്യാപാരത്തിനെതിരെ അവർ പ്രവർത്തിക്കുകയുമില്ല.
പശ്ചിമേഷ്യയിലെ പരമ്പരാഗത വ്യാപാര പങ്കാളികളുമായുള്ള ഇറക്കുമതി ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജനുവരിയിലെ കണക്കനുസരിച്ച്, ഔദ്യോഗിക കണക്കുകൾ പ്രകാരം, ഇന്ത്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ക്രൂഡ് സ്രോതസ്സുകളാണ് ഇറാഖും സൗദി അറേബ്യയും. ഇറാനിൽ നിന്നുള്ള ഇറക്കുമതി ആരംഭിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനുള്ള പദ്ധതി ഈ വലിയ ശ്രമത്തിൻ്റെ ഭാഗമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു.
2018-19 വരെ ഇന്ത്യയ്‌ക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിൻ്റെ മൂന്നാമത്തെ വലിയ സ്രോതസ്സായിരുന്നു ഇറാൻ. 2019 ജൂണിൽ, ഡൊണാൾഡ് ട്രംപിൻ്റെ കീഴിലുള്ള യുഎസ് ഭരണകൂടം ആണവ പരിപാടിയുടെ പേരിൽ ഇറാനുമേല്‍ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതോടൊപ്പം തന്നെ അമേരിക്ക ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇളവുകള്‍ നീക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി നിലയ്ക്കുന്നത്.
ഇതോടെ ഇറാൻ 2018-ൽ ഒമ്പതാമത്തെ വലിയ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ നിന്ന് 2021-ലെ കണക്കനുസരിച്ച് 71-ാം സ്ഥാനത്തെത്തി. ഇന്ത്യൻ റിഫൈനർമാർ രാജ്യത്ത് നിന്ന് സ്‌പോട്ട് പർച്ചേസ് സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടില്ലെങ്കിലും, മലേഷ്യൻ ഓയിലിൻ്റെ രൂപത്തിലാണ് ഇറാനിയൻ ക്രൂഡ് വ്യാപാരികൾ കൂടുതലായി വാഗ്ദാനം ചെയ്യുന്നത്. ഇറാനുമായുള്ള ഇന്ത്യയുടെ വ്യാപാരം നടക്കാതെ വന്നാല്‍ സ്വാഭാവികമായും അത് കൂടുതല്‍ ഗുണം ചെയ്യുക പരമ്പരാഗത പങ്കാളികളായ സഊദി, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ക്കായിരിക്കും. റഷ്യയില്‍ നിന്നുള്ള ഇളവ് കുറഞ്ഞ് വരുന്നതും ഇവർക്ക് അനുഗ്രഹമായി തീർന്നേക്കും.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വൺ ഇന്ത്യ മലയാളം പ്രസിദ്ധീകരിച്ചത്




