സ്നേഹിക്കാനും ബന്ധുക്കളുമായുള്ള ബന്ധം വർധിപ്പിക്കാനുമുള്ള ഉദാത്തമായ അവസരമാണ് ഈദുൽ ഫിത്ർ- ഹറം ഇമാം

0
1048

മക്ക: ഹറമിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് റോയൽ കോർട്ട് ഉപദേഷ്ട‌ാവും ഹറം ഇമാമും ഖത്തീബുമായ ഷെയ്ഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകി. ലക്ഷക്കണക്കിന് വിശ്വാസികൾ ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.
സ്നേഹിക്കാനും ബന്ധുക്കളുമായുള്ള ബന്ധം വർധിപ്പിക്കാനുമുള്ള ഉദാത്തമായ അവസരമാണ് ഈദുൽ ഫിത്ർ ആഘോഷമെന്ന് പെരുന്നാൾ നമസ്കാരത്തോടനുബന്ധിച്ച ഖുതുബയിൽ ഹറം ഇമാം പറഞ്ഞു.

ഭരണാധികാരി സൽമാൻ രാജാവ് ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മക്കയിൽ ഹറമിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.

മസ്‌ജിദുന്നബവി ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അഹ്മദ് ബിൻ അലി അൽഹുദൈഫി മദീനയിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫിൽ നിന്നും റമസാനിലെ അവസാന ദിവസങ്ങൾ
ഹറമിൽ ചെലവഴിക്കാൻ മക്കയിൽ
എത്തിയവർക്കും ലോകരാജ്യങ്ങളിൽ നിന്നെത്തിയ തീർഥാടകരും, പ്രവാസികളും
ഹറമിൽ പെരുന്നാൾ നമസ്‌കാരത്തിൽ സംബന്ധിച്ചു.

പെരുന്നാൾ നമസ്കാരം പൂർത്തിയായ ശേഷം
രാജകുമാരന്മാരെയും പണ്ഡിതരെയും മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരെയും കിരീടാവകാശി സ്വീകരിക്കുകയും പരസ്പരം പെരുന്നാൾ ആംശസകൾ അർപ്പിക്കുകയും ചെയ്തു.

പെരുന്നാൾ നമസ്കാരങ്ങൾ പൂർത്തിയായതോടെ വിശ്വാസികൾ പരസ്‌പരം ആശ്ലേഷിച്ച് സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും പുതുക്കുകയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും സന്ദർശിച്ച് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

സൗദിയിൽ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിൻ്റെ നിർദേശനുസരണം, മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ ഇത്തവണ തുറസ്സായ സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നില്ല. ഇവിടങ്ങളിൽ ജുമാമസ്‌ജിദുകളിലാണ് പെരുന്നാൾ നമസ്ക്‌കാരം നടന്നത്. മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും പതിവു പോലെ ഈദ് ഗാഹുകൾ നടന്നു.