റിയാദിൽ വൻ പൊടിക്കാറ്റും അതിശക്തമായ മഴയും, വീഡിയോ

വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത് ശക്തമായ മഴയെന്ന് നിരീക്ഷകൻ

0
3832

റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ പൊടിക്കാറ്റും പേമാരിയും. ഇന്ന് വൈകിട്ടോടെയാണ് കാലാവസ്ഥ വ്യതിയാനം സംഭവിച്ച്, കണ്ണ് കാണാത്ത തരത്തിലുള്ള പൊടിക്കാറ്റ് ആഞ്ഞടിച്ചത്. ഇത് മൂലം ദൂരക്കാഴ്ച കുറഞ്ഞതിനെ തുടന്ന് പലയിടങ്ങളിലും യാത്രാ തടസം നേരിട്ടു.

ഇതിന് പിന്നാലെയാണ് പലയിടങ്ങളിലും അതി ശക്തമായ മഴയും പെയ്തത്. ചിലയിടങ്ങളിൽ സമീപ കാലത്തെ ഏറ്റവും ശക്തമായ മഴയായിരുന്നു. പലയിടത്തും റോഡുകളിൽ വെള്ളം കുത്തിയൊഴുകിയതിനെ തുടർന്ന് ഗതാഗത്തെ ബാധിച്ചു. ദമാം റിയാദ് ഹൈവെയിലും ഗതാഗതം സ്തംഭിച്ചിട്ടുണ്ട്.

അതേസമയം, അടുത്ത ഏതാനും ദിവസങ്ങളിൽ റിയാദ് മേഖലയിലെ ചില ഗവർണറേറ്റുകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഗവേഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി വെളിപ്പെടുത്തി. റിയാദ് പ്രദേശം കനത്തതും ഇടത്തരവുമായ മഴയ്ക്ക് സാക്ഷ്യം വഹിക്കും. റിയാദിന്റെ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ ഉൾപ്പെടെ ചില ഗവർണറേറ്റുകളിൽ പേമാരിയായി മഴ പെയ്തേക്കാം. ഹജ്ജ് സീസണിന്റെ അവസാനത്തിൽ ഇത് വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവചനങ്ങൾ ശരിയാണെങ്കിൽ, റിയാദ് കടന്നുപോകുന്നത് ചരിത്രപരമായ ഒരു സാഹചര്യത്തിലൂടെയാണെന്നും വർഷത്തിലെ ഈ സമയത്ത് ഇത് അസാധാരണമായ ഒരു സാഹചര്യം ആണെന്നും അദ്ദേഹം നിരീക്ഷിച്ചു.

വീഡിയോ

 

“ബുധനാഴ്ച്ച മുതൽ സഊദിയിലെ ഈ പ്രദേശങ്ങളിൽ മഴയുണ്ടാകും”