സഊദിയിലേക്ക് പുറപ്പെട്ട നിരവധി പ്രവാസികൾക്ക് സെർബിയയിൽ ദുരിത ജീവിതം, ഭക്ഷണമോ അടിസ്ഥാന സംവിധാനങ്ങളോ ഇല്ല, ട്രാവൽ ഏജന്റും കയ്യൊഴിഞ്ഞതായി യാത്രക്കാർ

യാത്രാ ദുരനുഭവം വിവരിച്ച് മലയാളികൾ, ട്രാവൽസിന്റെ പേര് വ്യക്തമാക്കി പരാതിക്കൂമ്പാരം

0
15304

കോഴിക്കോട്: സഊദിയിൽ ക്വാറന്റീൻ പാക്കേജിൽ പോയ പ്രവാസികൾ സെർബിയയിൽ ദുരിതത്തിലെന്ന് റിപ്പോർട്ട്. കേരളത്തിലെ വിവിധ ട്രാവൽസുകൾ വഴി സെർബിയയിൽ എത്തിയ പ്രവാസികളാണ് ഒരു നേരത്തെ ആഹാരം പോലും ലഭിക്കാതെ ദുരിതത്തിലായത്. നിയമ വ്യവസ്ഥകളിൽ മാറ്റം വന്നെന്ന് പറഞ്ഞു വൻ തുക ഈടാക്കി പിസിആർ ടെസ്റ്റിന് വിധേയമാക്കിയെന്നും പണമില്ലാത്തവരെ പോലീസിൽ ഏൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യാത്രക്കാർ “മലയാളംപ്രസ്” ഓൺലൈനിനോട് വ്യക്തമാക്കി. നാട്ടിൽ നിന്ന് പാക്കേജ് സംവിധാനം ഒരുക്കിയ പ്രധാന ട്രാവൽസിൽ ഇക്കാര്യം അറിയിച്ചപ്പോൾ വേണ്ട രീതിയിലുള്ള നടപടികൾ കൈക്കൊള്ളാൻ ഇവർ തയ്യാറായിട്ടില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. നിലവിൽ താമസിക്കാൻ വേണ്ട രീതിയിലുള്ള സംവിധാനങ്ങളോ ഭക്ഷണമോ, കുടിവെള്ളം പോലും ലഭിക്കാതെ ദുരിതത്തിലാണെന്ന് യാത്രക്കാർ വ്യക്തമാക്കി. സഊദി ക്വാറന്റൈൻ ഇല്ലാതെ 2.60 ലക്ഷം രൂപ വരെ ചിലവാക്കി പാക്കേജ് എടുത്തവർക്കാണ് ഈ ദുരിതം. ട്രാവൽസിന്റെ പേര് സഹിതം യാത്രക്കാർ ദുരിതം വെളിപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി സെർബിയയിൽ ഇറങ്ങിയവരാണ് ഇപ്പോൾ കടുങ്ങിയിരിക്കുന്നത്. രണ്ടു ദിവസം ഡൽഹിയിൽ എത്തിച്ച ഇവരെ സെർബിയൻ യാത്രയുടെ തൊട്ട് മുമ്പ് ഇന്ത്യക്കാർ ഏഴു ദിവസം നിർബന്ധിത ക്വാറന്റൈൻ കഴിയണമെന്നും രണ്ടു നിർബന്ധ പിസിആർ ടെസ്റ്റ് ചെയ്യണമെന്നും ഉൾപ്പെടെയുള്ള പുതിയ നിയമം സെർബിയൻ സർക്കാർ പ്രഖ്യാപിച്ചതായി ട്രാവൽസ് അറിയിക്കുകയായിരുന്നു. സെർബിയയിൽ ഇറങ്ങിയ ശേഷം ഹോട്ടലിൽ എത്തിച്ച ഏജൻസികൾ രണ്ടു പിസിആർ ടെസ്റ്റ് നടത്തായാനായുള്ള ഏകദേശം ഇരുപതിനായിരം രൂപ അടക്കാതെ ഇവരെ ബസിൽ നിന്ന് പുറത്തിറക്കാൻ പോലും അനുവദിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഒടുവിൽ കഷ്ടപ്പെട്ട് മുഴുവൻ ആളുകളും പണം സംഘടിപ്പിച്ച് നൽകിയ ശേഷമാണ് ഇവരെ ഹോട്ടലിൽ ഇറക്കിയതെന്നു യാത്രക്കാർ പരാതിപ്പെട്ടു.

മാത്രമല്ല, തുടർന്ന് ഇവരെ ഹോട്ടലിന് മുകളിൽ ക്വാറന്റൈൻ രൂപേണ യാതൊരു വിധ അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലത്താണ് താമസിപ്പിച്ചതെന്നും പറയുന്നു. ക്വാറന്റൈനിൽ ആയതിനാൽ പുറത്ത് പോയി ഭക്ഷണം കഴിക്കാൻ സാധിക്കുകയുമില്ല. ഇവിടെയുള്ള ഹോട്ടലുകാർ ഇന്ത്യക്കാരെ മുതലെടുക്കുകയാണ്. കുടിവെള്ളത്തിന് പോലും പണം ആവശ്യപ്പെടുന്നു. പാക്കേജ് സംവിധാനിച്ച ട്രാവൽസ് ഏജൻസിയോട് ഇക്കാര്യം അറിയിച്ചപ്പോൾ അവർ കൈമലർത്തുകയായിരുന്നു. ചെലവിനായി കരുതിയ ഇരുപതിനായിരം രൂപ ഒറ്റയടിക്ക് തന്നെ പിസിആർ റെസ്റ്റിനായി ഇവിടെ ചിലവഴിക്കേണ്ടി വന്നു. ട്രാവൽസ് മുഴുവൻ ഉത്തരവാദിത്വവും ഏറ്റടുത്തിട്ടാണ് ഇത്രയധികം പണം നൽകി പാക്കേജ് എടുത്തത്. ഫുൾ പാക്കേജ് എടുത്ത ഞങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം പോലും ഇപ്പോൾ ലഭ്യമല്ല.

സെർബിയ വഴിയുള്ള പാക്കേജ് എടുക്കുന്നവർ രണ്ടു വട്ടം ആലോചിച്ച ശേഷമേ എടുക്കാവൂ എന്ന ഇവർ മുന്നറിയിപ്പ് നൽകുന്നു. വൻ തുക പണം മുടക്കി പാക്കേജ് എടുക്കുന്നത് വരെയുള്ള സ്വഭാവമല്ല പണം നൽകി പാക്കേജ് എടുക്കുന്നതോടെയെന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. പണം ലഭിക്കുന്നതോടെ പിന്നെ ട്രാവൽസ് ഏജൻസി പറയുന്നത് പോലെ ചെയ്യേണ്ട അവസ്ഥയാണ്. ഇത്രയും ഭീമമായ തുക നൽകിയ യാത്രക്കാരൻ പിന്നെ ട്രാവൽസ് പറയുന്നതും കേട്ട് നടക്കേണ്ട ദുരവസ്ഥയിലായിരിക്കും യാത്രക്കാർ.

യാത്രക്കാർ ദുരിതം വിവരിക്കുന്നു, വീഡിയോ