റിയാദ്: തൊഴിലാളികൾക്ക് യഥാ സമയം ശമ്പളം നൽകിയില്ലെങ്കിൽ തൊഴിലുടമകൾ പിഴയടക്കേണ്ടി വരുമെന്ന് തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമ പരമായ രേഖകൾ ഇല്ലാതെ ഒരു തൊഴിലാളി യുടെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ എത്താൻ വൈകലും പിടിച്ച് വെക്കലും തൊഴിൽനിയമ പ്രകാരം കുറ്റകരമാണ്. അതിനാൽ, ഇത്തരം സമയങ്ങളിൽ മന്ത്രാലയം ഇടപെടുമെന്നും പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്.
ഇത്തരം കേസുകളിൽ സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ആയിരിക്കും തൊഴിലുടമക്കെതിരെ പിഴ ചുമത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
പത്തിൽ താഴെ തൊഴിലാളികൾ ഉള്ള സ്ഥാപനത്തിന് 3000 ൽ വീതവും പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനത്തിന് 5000 റിയാൽ വീതവുമായിരിക്കും പിഴ ഈടാക്കുക. ശമ്പളം തടയപ്പെട്ട തൊഴിലാളി കളുടെ എണ്ണത്തിനനുസരിച്ച് ആയിരിക്കും പിഴ ചുമത്തുക. തൊഴിലാളികൾ കൂടുന്നതിനനുസരിച്ച് പിഴയും ഇരട്ടിയാകും.
തൊഴിലാളിക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകാതിരിക്കുകയും ആർട്ടിക്കിൾ 98 പ്രകാരം നിശ്ചയിക്കപ്പെട്ട തൊഴിൽ സമയത്തേക്കാളുമധികം ജോലി ചെയ്യിപ്പിക്കുകയും ഓവർ ടൈം തൊഴിലിന് വേതനം നൽകാതെയും ദിവസവും അനുവദിക്കപ്പെട്ട വിശ്രമ സമയം നൽകാതിരിക്കുകയും ചെയ്താൽ ഓരോ തൊഴിലാളിക്കും 10,000 റിയാൽ എന്ന തോതിൽ പിഴ ചുമത്തുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.




