നാളെ ആരാണു പോവുകയെന്നു പറയാനാവില്ല, ഇല്ലാതാകുന്നത് കോൺഗ്രസിന്റെ വിശ്വാസ്യത; പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ വിമർശിച്ച് സിപിഎം

0
1035

തൃശൂർ: കെ.കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ വിമർശിച്ച് സിപിഎം. കോൺഗ്രസിലെ ഡസൻകണക്കിനു നേതാക്കളാണു ദിവസവും ബിജെപിയിലേക്കു ചേക്കേറുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ടക്ക നമ്പർ ലഭിക്കുമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ പറയുന്നത്. കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ജയിച്ചുവരുന്ന കോൺഗ്രസുകാരിൽ നല്ലൊരു വിഭാഗം കൂടെ നിൽക്കുമെന്നാണു ബിജെപി കണക്കാക്കുന്നത്. മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ മകൻ പോയി. കെ.കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു.

നാളെ ആരാണു പോവുകയെന്നു പറയാനാവില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആരു പോകുന്നു എന്നതല്ല. ബിജെപിയിലേക്കു ചേക്കേറാൻ ഒരു കോൺഗ്രസ് നേതാവിനും മടിയില്ല എന്നതാണ് അവസ്ഥ. ഇങ്ങനെയായാൽ ജനം എങ്ങനെയാണ് ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കുക? വടകരയിൽ ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തിൽത്തന്നെ വിജയിക്കും’’– ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.

പത്മജയ്ക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നു കോൺഗ്രസ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിജയം ഉറപ്പായിരുന്ന സീറ്റുകളാണു നൽകിയിരുന്നത്. പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ എന്നും നൽകിയിരുന്നെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസിൽനിന്നുള്ള വലിയ അവഗണനയിൽ പത്മജ വേദനിക്കുന്നതു കണ്ടിട്ടുണ്ടെന്നും എന്തു തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്നും ഭർത്താവ് ഡോ.വേണുഗോപാൽ പറഞ്ഞു.