കൽപ്പറ്റ: സിദ്ധാർത്ഥന്റെ മരണത്തിൽ എല്ലാ പ്രതികളും പിടിയിലായി. പ്രധാന പ്രതി സിഞ്ചോ ജോൺസൺ, ആസിഫ്, മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നിവരാണ് ഒടുവിൽ പിടിയിലായത്. ഇതോടെ 18 പ്രതികളും പിടിയിലായി.
രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനിടെ വെറ്ററിനറി സർവ്വകലാശാല വിസിയെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തു. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. സംഭവം എന്തുകൊണ്ട് വെറ്ററിനറി സർവകലശാല അധികൃതർ അറിഞ്ഞില്ലെന്ന് ഗവർണർ ചോദിച്ചു.
വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ക്രിമിനൽ ആക്രമണം ആണുണ്ടായതെന്നും പൊലീസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് പിന്നിൽ എസ്എഫ്ഐ-പിഎഫ്ഐ ബന്ധമുണ്ട്. ജൂഡിഷ്യൽ അന്വേഷണത്തിന് ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടു കത്തയച്ചിട്ടുണ്ട്. ഹൈക്കോടതി മറുപടിയുടെ അടിസ്ഥാനത്തിൽ കമ്മിറ്റിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡീനിനെയും വാർഡനെയും സസ്പെൻഡ് ചെയ്യാനുള്ള ഓർഡർ തയ്യാറാക്കുമ്പോഴാണ് തന്നെ സസ്പെൻഡ് ചെയ്യുന്നതെന്ന് പൂക്കോട് വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ്. ആൻ്റി റാഗിങ് റിപ്പോർട്ട് കിട്ടുന്നത് രാത്രിയിലാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ചോദിച്ചില്ല. തൻ്റെ ഭാഗം കേട്ടില്ല. തന്നെ ഗവർണർക്ക് വിളിച്ചു വരുത്താമായിരുന്നു. അതും ചെയ്തില്ല. ഗവർണറുടെ നടപടിക്കെതിരെ കോടതിയിൽ പോകില്ലെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.





