സെക്രട്ടറിയേറ്റിൽ പൊരിഞ്ഞ അടി; ചീഫ് എഞ്ചിനീയറെ കയ്യേറ്റം ചെയ്‌ത്‌ മന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി, പരാതി

0
955

തിരുവനന്തപുരം: ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി പരാതി. മന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ആലപ്പുഴയിലെ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറും തമ്മിലാണ് കൈയ്യാങ്കളി നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഉന്തിനും തള്ളിനുമിടെ ചീഫ് എഞ്ചിനീയറുടെ വലത് കൈക്കു പരിക്കേറ്റിരുന്നു. തുടർന്ന് അദ്ദേഹം സെക്രട്ടേറിയറ്റ് വളപ്പിലെ ക്ലിനിക്കിൽ ചികിത്സ തേടി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ചീഫ് എഞ്ചിനീയര്‍ ശ്യാംഗോപാലിനെ മന്ത്രി റോഷി അഗസ്‌റ്റിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി എസ് പ്രേംജി മര്‍ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴയിലെ ഇറിഗേഷന്‍ ഓഫിസറും കുട്ടനാട് പാക്കേജിന്റെ ചുമതലയുള്ള ചീഫ് എഞ്ചിനീയര്‍ കൂടിയാണ് മർദ്ദനമേറ്റെന്ന് ആരോപണം ഉന്നയിച്ച ശ്യാംഗോപാല്‍.

ഏറ്റുമുട്ടൽ രൂക്ഷമായതോടെ മന്ത്രിയുടെ ഓഫീസിലെയും സമീപത്തെയും ജീവനക്കാരാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ വ്യാഴാഴ്‌ച രാവിലെ പത്തേമുക്കാലിനാണ് സംഭവം നടന്നത്.

മന്ത്രിയും പ്രൈവറ്റ് സെക്രട്ടറി ബി ഗോപകുമാരൻ നായരും അവിടെയുണ്ടായിരുന്നില്ല. മന്ത്രിയുടെ സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി പിസി ജയിംസ് കാബിനിലേക്ക് ക്ഷണിച്ചപ്പോൾ അകത്തുണ്ടായിരുന്ന അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജി, ‘മുറിയിൽ നിന്ന് ഇറങ്ങിപ്പോടാ’ എന്നു പറഞ്ഞ് ആക്രോശിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. നിങ്ങളാരാണതു പറയാനെന്ന് ചോദിച്ചപ്പോൾ ഉന്തും തള്ളും ഉണ്ടായെന്നാണ് ശ്യാംഗോപാൽ പറയുന്നത്.

സംഭവത്തിൽ ശ്യാംഗോപാൽ മന്ത്രിക്കും ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെല്ലാം അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രേംജി നിഷേധിച്ചു. ‘ഓഫിസിൽ വച്ച് ചീഫ് എഞ്ചിനീയറെ കണ്ടിരുന്നു. ചെറിയ തർക്കമുണ്ടായി. കയ്യേറ്റം ചെയ്‌തിട്ടില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് മന്ത്രി റോഷി അഗസ്‌റ്റിൻ പറയുന്നത്. ‘ചീഫ് എൻജിനീയറും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും തമ്മിൽ ഓഫിസിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായതായി അറിഞ്ഞു. ഇതുവരെ പരാതി ലഭിച്ചിട്ടില്ല’ മന്ത്രി പ്രതികരിച്ചു. എന്നാൽ ചീഫ് എഞ്ചിനീയറുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് കുമാർ സിംഗ് അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക