മോഷ്ടിച്ച ബൈക്ക് ഉടമക്ക് തിരികെ നല്‍കി കള്ളൻ

0
2025

പാലക്കാട്: മോഷ്ടിച്ച ബൈക്ക് ഉടമക്ക് തിരികെ നല്‍കി കള്ളൻ. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി സതീശന്‍റെ ബൈക്കാണ് മോഷ്ടാവ് കൺമുന്നിൽ നിന്ന് മോഷ്ടിച്ചത്. വാർത്ത കണ്ടെന്നും ബൈക്ക് തിരികെ തരാമെന്നും സതീശിനെ മോഷ്ടാവ് ഫോണിൽ വിളിച്ച് അറിയിച്ചു. ദേശീയപാതയോരത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാൻ സാധിച്ചില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. പന്നിയങ്കരയിലുള്ള സുഹൃത്തിന്‍റെ വീട്ടില്‍ പോയതായിരുന്നു സതീശന്‍. അവിടെ വച്ച് സുഹൃത്തുമായി സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ തന്‍റെ ബൈക്കുമായി ഒരാള്‍ കടന്നുകളയുന്നതാണ് കണ്ടത്. സതീശനും സുഹൃത്തും പിന്നാലെ ഓടിയെങ്കിലും കള്ളനെ കിട്ടിയില്ല. തുടര്‍ന്ന് വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കി.

അടുത്ത ദിവസം കള്ളന്‍ സതീശനെ വിളിക്കുകയായിരുന്നു. താന്‍ വാര്‍ത്ത കണ്ടെന്നും മാനസിക വിഭ്രാന്തി കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും കേസാക്കരുതെന്നും കള്ളന്‍ പറഞ്ഞു. ബൈക്ക് തിരികെ നല്‍കാമെന്നും അറിയിച്ചു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ഡയറിയില്‍ നിന്നാണ് മോഷ്ടാവിന് സതീശന്‍റെ നമ്പര്‍ ലഭിക്കുന്നത്.