14 വര്‍ഷംമുമ്പ് പ്രണയവിവാഹം, പ്രശ്‌നങ്ങള്‍ തുടങ്ങിയത് അടുത്തിടെ; തീഗോളമായി ആരതി

0
2887

വേർപാടറിയാതെ വിശാലും സിയയും

ചേർത്തല: നഗരത്തിൽ യുവതിയെ ഭർത്താവ് പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതു ദാരുണമായി. ചേർത്തല വെട്ടയ്ക്കൽ വലിയവീട്ടിൽ ആരതി പ്രദീപാണ്(32) ഭർത്താവ് ശ്യാം ജി. ചന്ദ്രന്റെ അക്രമത്തിനിരയായി തിങ്കളാഴ്ച മരിച്ചത്. താലൂക്ക് ആസ്ഥാന ആശുപത്രിക്കു സമീപം ഇടറോഡിൽവെച്ചാണ് അക്രമമുണ്ടായത്. ആരതിയുടെ സ്കൂട്ടർ തടഞ്ഞ് മിഠായിഭരണിയിൽ കരുതിയ പെട്രോളൊഴിച്ചായിരുന്നു അക്രമം.

നിമിഷങ്ങൾക്കുള്ളിൽ തീഗോളമായിമാറിയ ആരതി 100 മീറ്ററോളം അലറിവിളിച്ചോടി. സമീപത്തെ വീടിനുമുന്നിൽവെച്ചാണു നാട്ടുകാർ ബക്കറ്റിൽ വെള്ളമൊഴിച്ച് തീയണച്ചത്. ഓടിയ ഭാഗത്തെല്ലാം വസ്ത്രത്തിന്റെ ഭാഗങ്ങളും ഹെൽമെറ്റടക്കം ഉരുകിവീണു തീപടർന്നിരുന്നു.

ആരതിക്കു സംഭവസ്ഥലത്തുവെച്ച് തീകെടുത്തി പോലീസ് വെള്ളം കൊടുക്കുന്നു. തീകൊളുത്തിയ ഭർത്താവ് ശ്യാം ജി. ചന്ദ്രനും സമീപം(മുഖം അവ്യക്തമാക്കിയ വ്യക്തി). ഇൻസെറ്റിൽ ആരതിയും ശ്യാം ജി. ചന്ദ്രനും

തീയണയ്ക്കുമ്പോഴും ആരതിക്കു ബോധമുണ്ടായിരുന്നതായി സമീപവാസിയായ വീട്ടമ്മ പറഞ്ഞു. വസ്ത്രമെല്ലാം കത്തി കരിക്കട്ടപോലെയായിരുന്നു. മറ്റൊരു വസ്ത്രമിട്ടു നാട്ടുകാർ പൊതിഞ്ഞു. വെള്ളം നൽകിയ ശേഷം പോലീസെത്തി സമീപത്തുനിന്ന് ആംബുലൻസെത്തിച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇരുവരും നടന്നുതന്നെയാണു ആംബുലൻസിലേക്കു കയറിയത്. ഈ സമയത്തു ശ്യാം ജി. ചന്ദ്രന്റെ മേലേക്കും തീപടർന്നിരുന്നു. തീകെടുത്തി ഇയാളെയും നാട്ടുകാർ പോലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി.

വേർപാടറിയാതെ വിശാലും സിയയും

രാവിലെ ജോലിക്കായി തിരിച്ച അമ്മ ഇനി തിരിച്ചുവരില്ലെന്ന വിവരങ്ങളൊന്നുമറിയാതെയാണു മക്കളായ വിശാലും സിയയും. വിശാലിനെ രാവിലെ സ്കൂളിലേക്കു വിട്ടിട്ടായിരുന്നു ആരതി ജോലിക്കായി തിരിച്ചത്. വൈകീട്ട് അമ്മവരുന്നതും കാത്തിരിക്കുന്ന കുഞ്ഞുങ്ങൾ കണ്ണുനനയിപ്പിക്കുന്ന കാഴ്ചയായി. അച്ഛനമ്മമാർ തമ്മിലുള്ള പ്രശ്നങ്ങളുടെ ഗൗരവമൊന്നുമറിയാതെയാണ് ഇരുവരും കഴിഞ്ഞിരുന്നത്. ആരതിയുടെ കുടുംബത്തിന്റെ സംരക്ഷണയിലാണ് ഇരുവരും.

അക്രമം ആസൂത്രിതം;തിരഞ്ഞെടുത്തത് ആളൊഴിഞ്ഞ ഇടവഴി

ആരതിക്കെതിരേ ശ്യാം ജി. ചന്ദ്രൻ നടത്തിയ അക്രമം ആസൂത്രിതമെന്നാണു പോലീസ് വിലയിരുത്തുന്നത്. നഗരത്തിലെങ്കിലും ആളൊഴിഞ്ഞ ഇടവഴിയിലായിരുന്നു അക്രമം നടന്നത്. താലൂക്ക് ആശുപത്രിക്കു പിന്നിലായിവരുന്ന പ്രദേശത്ത് ഏതാനും വീടുകൾ മാത്രമാണുള്ളത്.

ആരതിയുടെ ഓഫീസിലേക്കെത്താൻ 100 മീറ്റർ അകലെ വെച്ചായിരുന്നു അക്രമം. പ്രധാനറോഡിൽ നിന്നുള്ള കൈവഴിയിലായിരുന്നു ശ്യാം ബൈക്കുമായി നിന്നിരുന്നത്. അപ്രതീക്ഷിതമായാണ് ആരതിയുടെ സ്കൂട്ടറിനു മുന്നിലേക്കെത്തി തടഞ്ഞ് അക്രമം നടത്തിയത്.

ഇതിനിടയിലാണു പെട്രോൾ ഇയാളുടെദേഹത്തേക്കും തെറിച്ച് തീപടർന്നത്. ചേർത്തല ഡിവൈ.എസ്.പി. എസ്. ഷാജിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചു. ചേർത്തല എസ്.ഐ. കെ.പി. അനിൽകുമാറും വിരലടയാളവിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുത്തിയതോട് സ്റ്റേഷൻ ഓഫീസർ ഫൈസലിനാണ് അന്വേഷണച്ചുമതല. ശ്യാം ജി. ചന്ദ്രനെതിരേ കൊലപാതകത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്.

ഭീഷണിയുണ്ടെന്നു നേരത്തേ പരാതിപ്പെട്ടിരുന്നു

ആരതിയും ശ്യാമും വിദ്യാഭ്യാസകാലം മുതലേ പ്രേമിച്ചു വിവാഹിതരായവരായിരുന്നു. 14 വർഷം മുൻപായിരുന്നു വിവാഹം. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉയർന്നത്. ഇതോടെ ആരതി മാതാപിതാക്കൾക്കൊപ്പം താമസം മാറ്റി.പ്രശ്നങ്ങൾ രൂക്ഷമായതോടെ തർക്കങ്ങൾ നിയമപോരാട്ടത്തിലേക്കും പോലീസ് നടപടികളിലേക്കും നീങ്ങിയിരുന്നു. ശ്യാം ജി. ചന്ദ്രനെതിരേ ആരതി ചേർത്തല കോടതിയിൽ ഗാർഹിക പീഡനത്തിനു ഹർജി നൽകിയിരുന്നു. ഇതിനുശേഷവും ആരതിക്കും വീട്ടുകാർക്കുമെതിരേ ഭീഷണിയുണ്ടായതിനെത്തുടർന്ന്‌ യുവതി പട്ടണക്കാട് പോലീസിൽ പരാതി നൽകി.

ആദ്യം പോലീസ് ഇരുകക്ഷികളെയും വിളിച്ചു ശ്യാമിനെ താക്കീതുനൽകി വിടുകയായിരുന്നു. എന്നാൽ, അതിനു ശേഷവും ആരതിയെ ഫോണിലും നേരിട്ടുമെത്തി ഭീഷണിപ്പെടുത്തിയതോടെ ആരതി ജീവനു ഭീഷണിയുണ്ടെന്നു കാട്ടി പോലീസിൽ വീണ്ടും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് ശ്യാമിനെതിരേ കെസെടുത്തിരുന്നു.

കോടതിയിൽ നിന്നാണ് ഇയാൾക്കു ജാമ്യം അനുവദിച്ചിരുന്നത്. ഇതിനുശേഷം ശ്യാമിന്റെ ശല്യം കുറഞ്ഞിരുന്നത്രേ. എന്നാൽ, തിങ്കളാഴ്ച അപ്രതീക്ഷിതമായി വീണ്ടും അക്രമമുണ്ടാകുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമുദായ സംഘടനകളും സുഹൃത്തുക്കളും ഇടപെട്ടു പലവട്ടം ചർച്ചകൾ നടത്തിയിട്ടും വിജയിച്ചിരുന്നില്ല.