ഡ്രോൺ ഉപയോഗിച്ചും കണ്ണീർ വാതകം, ഇന്റർനെറ്റ് ഓഫ് ചെയ്തു, മെട്രോ അടച്ചു, നിരോധനാജ്ഞ
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ വ്യാപക സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ തടയരുതെന്നും അവർക്ക് ഹരിയാനയിലൂടെ കടന്നുപോകാൻ അവകാശമുണ്ടെന്നും പഞ്ചാബ്–ഹരിയാന ഹൈക്കോടതി വ്യക്തമാക്കി.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചതായാണ് വിവരം. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. മാർച്ച് അക്രമാസക്തമായതോടെ മുൻകരുതലെന്ന നിലയിൽ ചെങ്കോട്ട അടച്ചു.

ജിന്ത് അതിർത്തിയിലും പൊലീസും കർഷകരും തമ്മിൽ സംഘർഷം. കർഷകർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ശംഭുവിൽ കർഷകർ ഫ്ലൈഓവറിൽ സുരക്ഷയ്ക്കായി വച്ചിരുന്ന ബാരിക്കേഡുകൾ എടുത്തെറിയുകയും കുരുക്ഷേത്രയിൽ ബാരിക്കേഡ് പൊളിക്കുകയും ചെയ്തു. പ്രതിഷേധത്തിൽനിന്ന് യാതൊരു കാരണവശാലും പിൻമാറില്ലെന്ന് കർഷകർ വ്യക്തമാക്കി.
കാൽനടയായി എത്തുന്ന കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നുണ്ട്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറിയും കർഷകർ പ്രതിഷേധിച്ചു. ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി.

‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്തു അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്ന സാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

മൂന്നു വർഷം മുൻപ് കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സമരത്തെ അനുസ്മരിപ്പിച്ച് ഇത്തവണയും സമ്പൂർണ തയാറെടുപ്പുകളോടെയാണ് കർഷകർ ഡൽഹിയിലേക്ക് വരുന്നത് എന്നാണ് വിവരം. ഭക്ഷണം, വസ്ത്രം തുടങ്ങിയ സജ്ജീകരണങ്ങൾ കരുതിയിട്ടുണ്ട്.
സമരത്തിനു മുന്നോടിയായി ഡൽഹിയിലെ മെട്രോ ഗേറ്റുകൾ അടച്ചു. മാർച്ചിനെ നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരുന്നു. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം ഹരിയാന പൊലീസ് നിരോധിച്ചിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തിയത്. 150ഓളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം.
കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി ഇന്നലെ അർധരാത്രി കർഷക നേതാക്കൾ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ‘ദില്ലി ചലോ’ മാർച്ചുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സമരത്തിനു പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കൂടുതൽ വീഡിയോകൾ 👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




