മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ വാർത്തയായിരുന്നു മലപ്പുറത്തുനിന്നുള്ള പെൺകുട്ടി ഇന്ന് കരിപ്പൂരിൽനിന്ന് ദൽഹി വഴി അമേത്തിയിലേക്കുള്ള ഇൻഡിഗോ വിമാനം പറത്തുന്നുവെന്നത്. നൂറു കണക്കിന് ആളുകളാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ കുറിപ്പ് ഷെയർ ചെയ്തത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മലപ്പുറം ജില്ലയിലെ വണ്ടൂരിന് സമീപം തുവ്വൂരിലെ പറവെട്ടി ജുറൈജിന്റെയും സക്കീനയുടെയും മകൾ ഫിദയെ സംബന്ധിക്കുന്ന പ്രചാരണമാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയത്. ഒരു നാടിന്റെ മൊത്തം പ്രാർത്ഥനകളുമായി ഫിദ വിമാനം പറത്തുന്നു എന്നായിരുന്നു ഇതിന്റെ കാതൽ.
എന്നാൽ ഈ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് ഫിദയുടെ പിതാവ് ജുറൈജ് പ്രതികരിച്ചു. ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഫിദ ഉത്തർപ്രദേശിലെ ഉഡാന്‍ അക്കാദമിയിൽ പരിശീലനത്തിനായി പോയത്. ഫെബ്രുവരി രണ്ടിനാണ് ക്ലാസ് തുടങ്ങിയത്. മകൾ കോഴ്‌സിന് ചേർന്നത് സംബന്ധിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ചില കേന്ദ്രങ്ങൾ വളച്ചൊടിച്ചാണ വ്യാജപ്രചാരണം നടത്തിയതെന്നും ജുറൈജ് വ്യക്തമാക്കി.
ഫിദയെ അഭിനന്ദിക്കുന്ന പോസ്റ്റിൽ ഫിദ വിമാനം പറത്തുന്നുവെന്ന തരത്തിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് വ്യാജ പ്രചാരണം നടത്തിയത്. ഫിദ ഉഡാന്‍ അക്കാദമിയിൽ ചേരുന്നത് സംബന്ധിച്ചുള്ള പോസ്റ്റായിരുന്നു അത്. അതിൽ വിമാനം പറത്തുന്നുവെന്ന് കൂട്ടിച്ചേർത്തോടെ സംഭവം വൈറലാകുകയായിരുന്നു.
ഫിദയെ സംബന്ധിക്കുന്ന യഥാർത്ഥ പോസ്റ്റിൽ വിമാനം പറത്തുന്നത് സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നില്ല. പകരം പഠനത്തിന് വേണ്ടി കരിപ്പൂരിൽനിന്ന് ദൽഹി വഴി അമേത്തിയിലേക്ക് പോകുന്നു എന്നായിരുന്നു. ഇതാണ് ചിലർ വിമാനം പറത്തുന്നു എന്നാക്കി മാറ്റിയത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




