റിയാദ്: ലോകത്തെ ഏറ്റവും പ്രായമേറിയ ബോയിങ് വിമാനം ഇപ്പോഴും സഊദിയിൽ സജീവം. നാൽപത് വർഷത്തിലധികമായി സഊദി ദേശീയ വിമാന കമ്പനിയുടെ കീഴിൽ ഇപ്പോഴും സർവ്വീസ് നടത്തുന്നതായാണ് കണക്കുകൾ. ലോകത്തെ വ്യോമയാന ചരിത്രത്തിന്റെ തന്നെ അത്യപൂർവ്വ സംഭവമാണെന്നാണ് ഇത് കരുതപ്പെടുന്നത്. സഊദിയുടെ ഭാഗമായി ചേർന്നതിന് ശേഷം നാൽപ്പത്തി രണ്ടാം വർഷവും ബോയിങ് 747 ശ്രേണിയിലെ വിമാനം യാത്ര അനുസ്യൂതം തുടരുകയാണ്. സിംപിൾഫ്ലയിങ് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ പ്രകാരം 42.89 വർഷമാണ് വിമാനത്തിന്റെ പഴക്കം.
1977 ലാണ് വിമാനത്തിനായി സഊദി അറേബ്യൻ റോയൽ ഫ്‌ളൈറ്റ് ഓർഡർ ചെയ്‌തത്. തുടർന്ന് 1978 ഓഗസ്റ്റ് 28 നായിരുന്നു ഇതിന്റെ ആദ്യ പറക്കൽ. ഇതിന്റെയും ഒരു വർഷം ശേഷമാണ് 1979 ജൂലൈ 11 നു ഇത് സഊദി അറേബ്യക്ക് കൈമാറിയത്. സഊദിക്ക് കൈമാറും മുമ്പ് HZ-HM1 എന്ന പേരിലായിരുന്നു ഇത് രജിസ്റ്റർ ചെയ്‌തിരുന്നത്.
സ്‌പെഷ്യൽ പെർഫോമൻസ് ആയി കണക്കാക്കപ്പെടുന്ന വിമാനത്തിൽ വിഐപി ഉപയോഗത്തിനായി പ്രത്യേക രൂപ മാറ്റവും വരുത്തി. ഫെബ്രുവരിയിലെ കണക്കനുസരിച്ച് 894 റൗണ്ടുകളിലായി ഇത് 1413 മണിക്കൂർ പറന്നിട്ടുണ്ട്. പ്രതിവർഷം വർഷം 21 റൗണ്ടുകളിലായി ശരാശരി 33.22 മണിക്കൂർ പറക്കുന്നുവെന്നാണ് കണക്കുകൾ.
2007 മുതൽ ലാസ് വെഗാസ് സാൻഡ്‌സിന്റെ കൈവശമുള്ള VP-BLK വിമാനമാണ് പഴക്കത്തിന്റെ കാര്യത്തിൽ തൊട്ട് പിന്നിൽ. 41.62 വർഷം പഴക്കമുള്ള ഈ വിമാനവും ഇപ്പോഴും സർവ്വീസിൽ തന്നെയുണ്ട്.1980 ൽ നിമ്മിച്ച ഈ വിമാനം 1985 ൽ ദുബൈ എയർ വിങ്സിൽ എത്തുകയും പിന്നീട് വിഐപി ഉപയോഗത്തിനായി പ്രത്യേക രൂപ മാറ്റം വരുത്തുകയും ചെയ്‌തു. ഇറാന്റെ കൈവശമുള്ള ബോയിങ് 747-300 ആണ് യാത്രാ വിമാനങ്ങളിൽ ഏറ്റവും പഴഞ്ചൻ. ഇറാൻ ദേശീയ വിമാന കമ്പനിയായ മഹാൻ വിമാന കമ്പനിയുടെ പക്കലുള്ള ഈ വിമാനത്തിന് 35.25 വർഷം പഴക്കമുണ്ട്.




