റിയാദ്: നിയമത്തെ കുറിച്ച് അറിയാതെ പോയത് മലയാളിക്ക് വിനയായി. ഒരു വർഷത്തിനിടെ രണ്ടാംതവണ ടൂറിസ്റ്റ് വിസയിലെത്തിയ മലയാളിക്ക് വൻതുക പിഴ. എറണാകുളം സ്വദേശി ഹമീദ് ഉമറിന് നാട്ടിലേക്ക് മടങ്ങണമെങ്കിൽ 10,000 ത്തോളം റിയാൽ പിഴയൊടുക്കണം. സഊദി ടൂറിസം വിസയുടെ നിബന്ധനകൾ പൂർണ്ണമായും പാലിക്കാതെയും അറിയാതെയും പോയതാണ് പ്രതിസന്ധിക്ക് കാരണം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി അറേബ്യ സന്ദർശിക്കാൻ ടൂറിസം മന്ത്രാലയം നൽകുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയുടെ നിയമം അറിയാത്തതാണ് അദ്ദേഹത്തെ നിയമക്കുരുക്കിലാക്കിയത്. ഒരു വർഷം പരമാവധി 90 ദിവസം മാത്രമെ രാജ്യത്ത് തങ്ങാൻ അനുവാദമുള്ളൂ. ഇതിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തുപോകുകയും തിരിച്ചുവരുകയുമാവാം. എന്നാൽ എല്ലാംകൂടി കണക്കുകൂട്ടിയാൽ 90 ദിവസത്തിൽ കൂടുതലാവരുത് എന്നതാണ് നിബന്ധന.
ഈ നിയമത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ ആദ്യമൊരു വിസയിൽ വന്ന് പരമാവധി (അതായത് 1 ദിവസം മാത്രം ബാക്കി വെച്ച്) തങ്ങി മടങ്ങിയ ശേഷം ഒരു വർഷം കഴിയും മുമ്പ് രണ്ടാമതൊരു വിസയെടുത്ത് പരമാവധി ദിവസം തങ്ങിയതാണ് പിഴയിലേക്ക് നയിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ മൂന്നിനാണ് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയിൽ ആദ്യം ഹമീദ് സഊദിയിലെത്തിയത്. കൃത്യം 89 ദിവസം പൂർത്തിയായപ്പോൾ മടങ്ങുകയും ചെയ്തു. ഉടൻ അടുത്ത ടൂറിസം വിസക്ക് അപേക്ഷിച്ചു. 90 ദിവസത്തെ മൾട്ടിപ്പിൾ എൻട്രി വിസ ലഭിച്ചു. കഴിഞ്ഞ ഒക്ടോബർ 29ന് റിയാദ് എയർപോർട്ടിൽ ഇറങ്ങി. അസ്വാഭാവികത ഒന്നുമില്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങുകയും ചെയ്തു.
മുൻ തവണത്തേതു പോലെ 89 ദിവസം പൂർത്തിയാക്കി മടക്കയാത്രക്ക് എയർപോർട്ടിലെത്തിയപ്പോൾ എക്സിറ്റ് നടപടി പൂർത്തിയാക്കാനായില്ല. 8,700 റിയാൽ പിഴയടച്ചുവരാൻ ഉദ്യോസ്ഥൻ സ്ലിപ്പ് നൽകി. കാര്യം അറിയാതെ അന്തം വിട്ടുപോയ ഹമീദ് എയർപോർട്ടിനകത്തെ പാസ്പോർട്ട് വിഭാഗത്തിലെത്തി വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞത്. ടൂറിസം വിസയിൽ പരമാവധി ഒരു വർഷം സഊദിയിൽ തങ്ങാനാകുക 90 ദിവസമാണ്.
ആദ്യ വിസയിൽ 89 ദിവസവും രണ്ടാം വിസയിൽ 88 ദിവസവും രാജ്യത്ത് തങ്ങിയ ഹമീദ് 87 ദിവസം സഊദിയിൽ അനധികൃതമായി അധികം തങ്ങിയതിനാണ് നിയമമനുസരിച്ച് ദിവസം 100 റിയാൽ പ്രകാരം 87 ദിവസത്തേക്ക് 8,700 റിയൽ പിഴയിട്ടത്. അതോടെ ജനുവരി 25ന് നിശ്ചയിച്ചിരുന്ന യാത്ര മുടങ്ങി.
ആദ്യ വിസയിൽ ഒരു ദിവസം കാലാവധി ഉണ്ടായിരിക്കെ അത് ശ്രദ്ധിക്കാതെ അല്ലെങ്കിൽ ക്യാൻസൽ ചെയ്യാതെ അടുത്ത വിസയിൽ എത്തിയതാണ് ഇവിടെ വില്ലനായത്. രണ്ടാമത് പുതിയ വിസയിൽ ആണ് എത്തിയത് എങ്കിലും സഊദിയിൽ എന്റർ ചെയ്തപ്പോൾ യഥാർത്ഥത്തിൽ 1 ദിവസം ആണെങ്കിലും കാലാവധിയുള്ള ആദ്യവിസയിൽ ആണ് എന്റർ ആയത്. ഇത് അറിയാതെ, അല്ലെങ്കിൽ മനസ്സിലാക്കാതെ പോയതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. വിസ കാലാവധി നിലനിൽക്കേ തന്നെ മറ്റൊരു സമാന വിസ സ്റ്റാമ്പിങ് ബ്ലോക്ക് ചെയ്യുന്ന സംവിധാനമോ ഇറങ്ങുമ്പോൾ ആദ്യ വിസ ക്യാൻസൽ ആകുന്ന സംവിധാനമോ ഉണ്ടെങ്കിലും ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല.
സഊദി അറേബ്യ സന്ദർശിക്കാൻ ടൂറിസം മന്ത്രാലയം നൽകുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ മറ്റു വിസകളിലെതിന് വ്യത്യസ്തമാണ്. ഒരു വർഷ മൾട്ടിപ്പിൾ വിസയാണ് എന്കിലും ആകെ നിൽക്കാൻ കഴിയുന്ന പരമാവധി ദിനം 90 ആണ്. ഒരു വർഷത്തിനിടയിൽ എത്ര തവണ വേണമെങ്കിലും ഇങ്ങനെ വന്നു പോകാം, പക്ഷെ ഇത് 90 ദിവസത്തിൽ കൂടാൻ പാടില്ല. ഇതറിയാതെ, നിരവധി മലയാളികൾക്ക് നേരത്തെയും വൻ പിഴകൾ ലഭിച്ചിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




