കാസർകോട്: സ്വന്തം തലയോട്ടിയിലെ നീക്കം ചെയ്ത അസ്ഥിയുമായി ദുബായിൽ നിന്ന് കോഴിക്കോടേക്ക് മൂന്നര മണിക്കൂർ വിമാന യാത്ര. അവിടെ നിന്ന് ആംബുലൻസിൽ നാലര മണിക്കൂർ മംഗളൂരുവിലേക്ക് യാത്ര. ദുബായിലെ ആശുപത്രിയിൽ ഓപറേഷൻ വഴി നീക്കം ചെയ്ത തലയോട്ടി അസ്ഥി കഴിഞ്ഞ ദിവസം മംഗളൂരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തലയോട്ടിയിൽ തിരികെ വച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കാസർകോട് വിദ്യാനഗർ ചാലക്കുന്ന് സ്വദേശി സി.എ.അബ്ദുൽ നിസാഫ്(36) ജീവിതത്തിലേക്ക് പിച്ച വയ്ക്കുമ്പോൾ വീട്ടുകാർക്കും സഹോദര തുല്യം കാരുണ്യം ചെയ്തവർക്കും സന്തോഷ നിമിഷം.
യുഎഇ കരാമയിൽ എഡിസിബി മെട്രോ സ്റ്റേഷനു സമീപം കഫ്റ്റീരിയ മുറ്റത്ത് ഇരുന്ന് ചായ കുടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയ കാറാണ് അബ്ദുൽ നിസാഫിന്റെ ജീവിതം തട്ടിത്തെറിപ്പിച്ചത്. നവംബർ 15ന് വൈകിട്ട് ഇന്ത്യൻ സമയം വൈകിട്ട് ഏഴരയോടെയായിരുന്നു ഒന്നിനു പിറകെ മറ്റൊരു കാർ കൂടി ഇടിച്ച് കഫറ്റീരിയയിലുണ്ടായ വാഹനാപകടം. തലയിൽ ഗുരുതരമായ പരുക്ക്.
നെഞ്ചത്ത് ഏറ്റ ഇടിയിൽ വാരിയെല്ലിന് ചെറിയ പരുക്കും ഉണ്ടായിരുന്നു. ദുബായ് റാഷിദിയ ആശുപത്രിയിൽ ഗുരുതരനിലയിൽ പ്രവേശിപ്പിക്കപ്പെട്ട അബ്ദുൽ നിസാഫിനെ അപകട നില തരണം ചെയ്യുന്നതിന് അന്നു തന്നെ അടിയന്തര ഓപറേഷൻ ചെയ്തു. തലച്ചോറിനേറ്റ ആഘാതത്തിൽ ഇൻഫക്ഷൻ കാരണം ഇടതു ഭാഗം തലയോട്ടി അസ്ഥി നീക്കം ചെയ്തു. 3 മാസത്തിനകം അത് തിരികെ വയ്ക്കണമെന്ന നിബന്ധനയിലാണ് നീക്കിയത്. 8 ദിവസം വെന്റിലേറ്ററിലായിരുന്നു. 8-ാം ദിവസമാണ് കണ്ണു തുറന്നത്. പിന്നീട് 7 ദിവസം അത്യാഹിത വിഭാഗത്തിലും തുടർന്നു വാർഡിലേക്കും മാറ്റി.
കാസർകോട് നിന്നു വാർഡ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞ് ദുബായ് കെഎംസിസി കാസർകോട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് ബ്രദേഴ്സ്, ജനറൽ സെക്രട്ടറി അസ്‍കർ ചൂരി എന്നിവർ അപകടത്തിനു പിറ്റേന്നു തന്നെ ആശുപത്രിയിൽ സഹായവുമായി എത്തിയിരുന്നു. അപകടമുണ്ടായി ഒരാഴ്ച കഴിഞ്ഞ ഉടൻ ഭാര്യ തൻവീറ 8 മാസം പ്രായമായ മകളുമായി എത്തി.
ജീവൻ നിലനിർത്താൻ കഴിഞ്ഞ ചാരിതാർഥ്യത്തിലായി ഡോക്ടറും കെഎംസിസി ഭാരവാഹികളും. കിടപ്പിൽ നിന്നു നടന്നു നീങ്ങാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിന് അൽനാഹ്ദയിലെ എൻഎംസി റിഹാബിലേറ്റേഷൻ സെന്ററിലേക്ക് മാറ്റി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




