റിയാദ്: കാര്‍ബന്‍ഡൈ ഓക്‌സൈഡ് മുക്ത രാജ്യമാക്കി രാജ്യത്തെ മാറ്റുകയാണ് ലക്ഷ്യത്തിന്റെ ഭാഗമായി സഊദി നഗരങ്ങളില്‍ ചെറിയ വിമാനങ്ങള്‍ സര്‍വീസിനെത്തുന്നു.
പരീക്ഷണ സര്‍വീസ് നിയോമില്‍ ആരംഭിച്ചു. വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, ചരിത്രപ്രദേശങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ എയര്‍ക്രാഫ്റ്റ് സര്‍വീസ്.
എസ്.യു.എ.എസ്, വിടിഒഎല്‍എസ് ഉള്‍പ്പെടെയുള്ള ചെറിയ ഇലക്ട്രിക്, ഹൈബ്രിഡ് ഇലക്ട്രിക് എയര്‍ക്രാഫ്റ്റുകളാണ് ഈ സര്‍വീസിന് ഉപയോഗിക്കുകയെന്നും ഇതിനാവശ്യമായ നിയമവ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
കുറഞ്ഞ സമയത്തിനുള്ളില്‍ പാര്‍സലുകള്‍ എത്തിക്കുന്നതിനും പരസ്യം, സര്‍വേ, ചിത്രീകരണം തുടങ്ങിയവക്കും ഈ സര്‍വീസുകള്‍ ഉപയോഗിക്കും. ആയിരം മീറ്റര്‍ താഴെ ഉയരത്തില്‍ മാത്രം പറക്കുന്ന ഈ ഇലക്ടിക് സര്‍വീസുകള്‍ക്ക് 200 കിലോമീറ്റര്‍ ദൂരമാണ് പരമാവധി ശേഷി.
വിദേശനിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാനും ടൂറിസം, ഗതാഗതം, നിര്‍മാണം എന്നീ മേഖലയില്‍ വളര്‍ച്ച നേടുകയുമാണ് ലക്ഷ്യമിടുന്നത്. 2040 ആകുമ്പോഴേക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇതുവഴി പ്രതീക്ഷിക്കുന്നു.
2020ല്‍ സൗദി ജമീല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് കമ്പനി നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ജോബി ഏവിയേഷന്‍ പദ്ധതി സൗദിയില്‍ അവതരിപ്പിച്ചത്. 2021ല്‍ നിയോമില്‍ വോളോകോപ്റ്റര്‍ സര്‍വീസ് തുടങ്ങി. 2022ല്‍ ഹെലികോപ്റ്റര്‍ കമ്പനിയും എയര്‍ബസും സംയുക്തമായി സൗദിയില്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള അര്‍ബന്‍ എയര്‍ മൊബിലിറ്റി സര്‍വീസ് സഹകരണകരാറില്‍ ഒപ്പുവെച്ചു.
പിന്നീട് സൗദി എയര്‍ലൈന്‍സും ലിലിയം കമ്പനിയും തമ്മില്‍ 100 ഇവിടിഒഎല്‍ എയര്‍ക്രാഫ്റ്റ് കരാറില്‍ ഒപ്പുവെച്ചു. 2023ല്‍ ഫ്‌ളൈനാസും ഇവ് എയര്‍ മൊബിലിറ്റിയും തമ്മില്‍ റിയാദിലും ജിദ്ദയിലും ഇവിടിഒഎല്‍ എയര്‍ക്രാഫ്റ്റ് സര്‍വീസ് സാധ്യതകളെ കുറിച്ച് പഠനം നടത്താന്‍ കരാര്‍ ഒപ്പുവെച്ചു. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളുമായും ഈ മേഖലയിലെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.




