ദോഹ: വാഹനമോടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പിടികൂടി പൊളിച്ച് തവിടുപൊടിയാക്കി. ഖത്തറിലാണ് സംഭവം. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്റെ കാര്‍ സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്ത് തവിടുപൊടിയാക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത കാര്‍ ഇരുമ്പ് പൊടിയാക്കുന്ന വലിയ കണ്ടെയ്നറില്‍ ഇട്ട് തവിടുപൊടിയാക്കുകയായിരുന്നു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയ വഴിയാണ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് നല്കിയ ശിക്ഷയുടെ വീഡിയോ പുറത്തുവിട്ടത്. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുകയും മെയിന്‍ റോഡില്‍ വാഹനാഭ്യാസ പ്രകടനം നടത്തുകയും തുടര്‍ന്ന് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
അപകട സ്ഥലത്ത് നിന്ന് ഡ്രൈവര്‍ വാഹനവുമായി രക്ഷപ്പെട്ടെങ്കിലും അധികൃതര്‍ പിടികൂടി. ലാന്റ് ക്രൂയിസര്‍ കാറാണ് പൊളിച്ചത്. സുരക്ഷാ വകുപ്പുകള്‍ അന്വേഷണം നടത്തി ഡ്രൈവറെ അറസ്റ്റ് ചെയ്ത് കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്റെ കാര്‍ കണ്ടുകെട്ടാന്‍ കോടതി പിന്നീട് വിധിച്ചു. തുടര്‍ന്നാണ് കൂറ്റന്‍ കണ്ടെയ്നറിലിട്ട് കാര്‍ തവിടുപൊടിയാക്കിയത്.




